ഖാൻ യൂനിസ്: വെടിയൊച്ച നിലച്ചതിന് പിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്ക് ഉറ്റവരെ തേടി പലസ്‌തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നഷ്‌ടമായവർക്ക് വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു.
”15 മാസം മരുഭൂമിയിൽ അലഞ്ഞിട്ട് കുടിക്കാൻ അൽപ്പം വെള്ളം കിട്ടിയതുപോലെ എനിക്ക് തോന്നുന്നു. ജീവൻ തിരിച്ചുകിട്ടിയ അനുഭവം”- മധ്യഗാസയിലെ റെയ്‌റൽ ബാലാഹിലെ ക്യാംപിൽ നിന്ന് 31 വയസുകാരനായ അയാ മുഹമ്മദ് റോയിട്ടേഴ്‌സിന് നൽകിയ സന്ദേശത്തിൽ പറയുന്നു. ”ഗാസ സിറ്റിയിലെ വീട്ടിലേക്ക് ഞങ്ങൾക്ക് എത്രയും വേഗം തിരിച്ചെത്തണം. ഇത്രയേറെ കഷ്‌ടനഷ്‌ടങ്ങൾക്കിടയിൽ ജീവിതം ഇനി ഒട്ടും സുഖമാവില്ലെന്ന് അറിയാം. കുഞ്ഞുങ്ങളുടെയും സ്‌ത്രീകളുടേയും ചോര ഇനിയെങ്കിലും വീഴ്‌ത്താതിരിക്കട്ടേ”- അയാ പറഞ്ഞു.
വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്‌തവരിലേറെയും തെക്കൻ ഗാസയിലെ വിവിധ അഭയാർഥി കൂടാരങ്ങളിലാണ്. ജനവാസ്യയോഗ്യമല്ലാത്ത അൽ മവാസിയിലും നൂറുകണക്കിന് ടെന്റുകളുയർന്നു. ഇന്നലെ ഇവിടെനിന്നുള്ളവർ കൈയിലുള്ളതെല്ലാം വാരിക്കെട്ടി വടക്കോട്ട് യാത്ര തുടങ്ങി. തെക്കൻ പട്ടണമായ റഫയിലേക്കും ഇന്നലെ പലസ്‌തീൻകാർ കൂട്ടത്തോടെ തിരിച്ചെത്തി.
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ ഹമാസിന്റെ ഉന്നത നേതാക്കളടക്കം 46,913 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 1,10,750 പേർക്ക് പരിക്കേറ്റു. യുദ്ധം മൂലം ഗാസയുടെ അടിസ്‌ഥാന സൗകര്യങ്ങൾ തകരുകയും 23 ലക്ഷത്തോളം വരുന്ന ജനങ്ങളിലേറെയും ഭവനരഹിതരാവുകയും ചെയ്‌തു. ഗാസയിലെ യുദ്ധത്തിൽ 400 സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും







































