ബെയ്‌റൂട്ട്: എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. മധ്യ ബെയ്‌റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ.
ഹിസ്ബുല്ലയെ ലബനനിലേക്ക് കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ എട്ട് സൈനികരെ നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. അതിർത്തി പട്ടണമായ മറൂൺ എൽ റാസിന് സമീപം റോക്കറ്റുകൾ ഉപയോഗിച്ച് മൂന്ന് ഇസ്രയേലി മെർക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചു.
ആക്രമണത്തിനിടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലും സ്‌ഥിരീകരിച്ചിട്ടുണ്ട്. ലബനൻ യുദ്ധമുഖത്ത് കഴിഞ്ഞ ഒരുവർഷത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആൾനാശമാണിത്. കൂടുതൽ സൈനികർ ലെബനനിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ 24 ഗ്രാമങ്ങളിൽ നിന്ന് കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
”നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാന്റെ തിൻമയുടെ അച്ചുതണ്ടിനെതിരായ കഠിന യുദ്ധത്തിലാണ്. നമ്മൾ ഒരുമിച്ച് നിൽക്കും, ദൈവസഹായത്താൽ ഒരുമിച്ച് വിജയിക്കും”- അനുശോചന വീഡിയോയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ലബനനിൽ കുറഞ്ഞത് 46 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഇറാനെതിരെ ശക്‌തമായി തിരിച്ചടിക്കാനാണ് ഇസ്രയേലും പ്രധാന സഖ്യകക്ഷിയായ യുഎസും തീരുമാനിച്ചിട്ടുള്ളത്. 2006ന് ശേഷം ഇതാദ്യമായാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ വെടിയുതിർക്കുന്നത്. ഇസ്രയേൽ എന്തെങ്കിലും ചെയ്‌താൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാനും താക്കീത് നൽകിയിട്ടുണ്ട്.
സംഘർഷം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അടിയന്തിര യോഗം ചേർന്നു. ഐക്യരാഷ്‌ട്ര സംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രാജ്യത്ത് പ്രവേശിക്കുന്നത് ഇസ്രയേൽ വിലക്കി. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ വ്യക്‌തമായി അപലപിച്ചില്ലെന്നും പക്ഷപാതം കാട്ടിയെന്ന് ആരോപിച്ചുമാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.
അതേസമയം, പശ്‌ചിമേഷ്യയിൽ സംഘർഷം വ്യാപിപ്പിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കപ്പൽ മാർഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്. യുദ്ധഭീതി വർധിച്ചതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും