ജറുസലേം: ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ. റഫ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ നടപടി. സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയെന്ന് കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ ബോംബിട്ടത്.
ആക്രമണത്തിൽ 45 പലസ്‌തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്‌ചിതത്വത്തിലായി. പിന്നീട് ഉന്നതതല യോഗത്തിന് ശേഷമാണ് വെടിനിർത്തൽ തുടരുമെന്ന കാര്യം ഇസ്രയേൽ സൈന്യം അറിയിച്ചത്. വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് തെക്കൻ ഗാസയിലെ റഫായിൽ ബോംബിട്ടത്. വടക്കൻ ഗാസയിലെ ജബാലിയയിലും ദെയ്‌റൽ ബലാഹിലും ബോംബാക്രമണമുണ്ടായി. ഖാൻ യൂനിസിലെ അബാസൻ പട്ടണത്തിന് സമീപം ഇസ്രയേൽ ടാങ്കുകൾ വെടിയുതിർത്തു. മുഖ്യനഗരങ്ങളിൽ നിന്ന് പിൻമാറിയെങ്കിലും ഗാസയിൽ തന്നെ തുടരുന്ന സൈന്യത്തിന് നേരെ റോക്കറ്റാക്രമണവും വെടിവയ്‌പ്പും ഉണ്ടായെന്നാണ് ഇസ്രയേൽ ആരോപണം.
എന്നാൽ, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ഹമാസ് പറയുന്നു. അതിനിടെ, ഈജിപ്‌ത് അതിർത്തിയിലെ അതിർത്തിയിലെ റഫാ ഇടനാഴി തുറക്കൽ നീളുമെന്ന് ഇസ്രയേൽ വ്യക്‌തമാക്കി. ഗാസയിലേക്ക് സഹായമെത്തിക്കാനും പലസ്‌തീൻകാരുടെ യാത്രയ്‌ക്കുമായി റഫാ ഇടനാഴി തുറന്നുകൊടുക്കുമെന്നാണ് കരാർ വ്യവസ്‌ഥ.
വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചയ്‌ക്കുള്ള നടപടി തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ ആക്രമണം. രണ്ടാംഘട്ടത്തിലാണ് ഹമാസ് നിരായുധീകരണവും ഗാസയിലെ പുതിയ ഭരണസംവിധാനവും തീരുമാനിക്കുക. എന്നാൽ, മുൻപ് വെടിനിർത്തലിലും രണ്ടാംഘട്ടത്തിലേക്ക് പോകും മുൻപേ ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിക്കുകയായിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!