ജറുസലേം: ലബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. സെൻട്രൽ ബെയ്‌റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 117 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു സമാധാന സേനാ അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യൂണിഫിൽ അറിയിച്ചു.
ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ സംഘം ഓപ്പറേഷൻ ഹൂതി സൈനിക വക്‌താവ് യഹ്യ സാരി പറഞ്ഞു. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു.
മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ ബാലയിലെ റുഫൈദ സ്‌കൂളിന് നേരെയാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ 50ലധികം പേർക്ക് പരിക്കേറ്റു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് റുഫൈദ സ്‌കൂൾ. ആയിരക്കണക്കിന് പലസ്‌തീൻ കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിവരം.
അൽ അഖ്‌സ ആശുപത്രി പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചികിൽസയ്‌ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ പ്രതിസന്ധി നേരിടാൻ ബുദ്ധിമുട്ടുകയാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ പോലും ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുകയാണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും