ടെൽ അവീവ്: ഗാസ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി എത്തിയ സന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കപ്പൽ ഇസ്രയേൽ കസ്റ്റഡിയിൽ എടുത്തത്.
സ്വീഡിഷ് കാലാവസ്ഥാ പ്രചാരണ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെന്റ് ഫ്രഞ്ച് അംഗം റിമ ഹസ്സൻ ഉൾപ്പടെ 12 സന്നദ്ധപ്രവർത്തകർ സഞ്ചരിച്ചിരുന്ന മാഡ്ലീൻ എന്ന കപ്പലാണ് ഇന്ന് പുലർച്ചെ ഇസ്രയേൽ പിടിച്ചെടുത്തത്. അതേസമയം, ഇവരെ തിരിച്ചയക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കപ്പൽ ഗാസയിൽ എത്താതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന് (ഐഡിഎഫ്) പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് നിർദ്ദേശം നൽകിയിരുന്നു. പലസ്തീൻ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാൻ ഇസ്രയേൽ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ജൂൺ ഒന്നാം തീയതിയാണ് കപ്പൽ ഇറ്റലിയിലെ കറ്റാനിയ സിസിലി തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. ഇന്ന് വൈകുന്നേരം ഇസ്രയേൽ സൈനികർ തടയാതെ ഗാസ മുനമ്പിലെത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഫ്രീഡം ഫ്ളോട്ടില്ല കൊയിലിഷൻ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്. പഴച്ചാറുകൾ, പാൽ, അരി, ടിന്നിലടച്ച ഭക്ഷണപദാർഥങ്ങൾ, പ്രോട്ടീൻ ബാറുകൾ തുടങ്ങിയവയാണ് കപ്പലിലുള്ളതെന്നാണ് വിവരം.
എന്നാൽ, പുലർച്ചെ രണ്ടുമണിയോടെ കപ്പൽ ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇത് രണ്ടാം വട്ടമാണ് ഗാസയിലേക്ക് സഹായമെത്തിക്കാൻ ഫ്രീഡം ഫ്ളോട്ടില്ല കൊയിലിഷന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ആദ്യത്തെ ശ്രമം. അന്ന് മാൾട്ടാ തീരത്തുകൂടി നീങ്ങവേ കപ്പലിൽ ഡ്രോൺ പതിച്ചു. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നായിരുന്നു സംഘത്തിന്റെ ആരോപണം. അന്ന് കപ്പലിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
Most Read| 2026ൽ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കും; അമിത് ഷാ