തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ സിബി മാത്യൂസ്, കെകെ ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച നേരിട്ട് വാദം കേൾക്കും.
നമ്പി നാരായണനും, മാലിദ്വീപ് സ്വദേശികളായ മറിയം റഷീദയും സുഹൃത്ത് ഫൗസിയയും പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളും കോടതി അന്ന് പരിഗണിക്കും.
കേസിൽ നമ്പി നാരായണനെയോ മാലിദ്വീപ് സ്വദേശികളെയോ കക്ഷി ചേർക്കുന്നതിൽ എതിർപ്പില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
മുൻ പോലീസ് ഡിജിപിമാരായ സിബി മാത്യൂസ്, ആർബി ശ്രീകുമാർ ഉൾപ്പടെ 18 പേരാണ് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. സുപ്രീം കോടതി നിയോഗിച്ച ഡികെ ജയിൻ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.
മെയ് മാസമാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.
Most Read: ‘ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലെയുള്ളവര്‍’; ബിജെപി എംപി








































