ശ്രീഹരിക്കോട്ട: നൂറാം വിക്ഷേപണം സമ്പൂർണ വിജയമാക്കി, അഭിമാനത്തിന്റെ നെറുകയിലേറിയിരിക്കുകയാണ് ഐഎസ്ആർഒ. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02വിനെ ചരിത്ര ദൗത്യത്തിൽ ജിഎസ്‌എൽവി-എഫ്15 ലോഞ്ച് വെഹിക്കിൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
രാവിലെ 6.23ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെനറ്റിലെ രണ്ടാം വിക്ഷേപത്തറയിൽ നിന്നാണ് ഐഎസ്‌ആർഒയുടെ ‘നൂറാം വിജയം’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. നൂറാം വിക്ഷേപണമെന്ന ചരിത്രനേട്ടവും ഇതോടെ ഐഎസ്ആർഒ സ്വന്തമാക്കി.
വി നാരായണൻ ഐഎസ്‌ആർഒയുടെ ചെയർമാനായി ചുതലയേറ്റ ശേഷം നടക്കുന്ന ദൗത്യം കൂടിയാണിത്. സ്‌ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്‌ക്കായി ഐഎസ്ആർഒ വികസിപ്പിച്ച ഏഴ് ഉപഗ്രങ്ങളുടെ ശ്രേണിയാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്‌റ്റലേഷൻ (നാവിക്). 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
ജിപിഎസിന് സമാനമായി സ്‌റ്റാൻഡേർഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. രാജ്യവും അതിർത്തിയിൽ നിന്ന് 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും പരിധിയിൽ വരും. എൻവിഎസ്-01 കഴിഞ്ഞവർഷം മേയിൽ ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നു.
അതേസമയം, നൂറാം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്‍ത്ര സാങ്കേതികവകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് രംഗത്തെത്തി. ”ശ്രീഹരിക്കോട്ടയിലെ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങൾ. എൻവിഎസ്-02 വിക്ഷേപണത്തോടെ ഇസ്രോ ഒരിക്കൽകൂടി രാജ്യത്തിന് അഭിമാനം സമ്മാനിച്ചു. വിക്രം സാരാഭായിയും സതീഷ് ധവാനും മറ്റു ചുരുക്കമാളുകളും ചേർന്ന് തുടക്കമിട്ട അവിസ്‌മരണീയ യാത്രയുടെയും കുതിപ്പിന്റെയും കഥയാണ് ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണ വിജയം വ്യക്‌തമാക്കുന്നതെന്നും” മന്ത്രി എക്‌സിൽ കുറിച്ചു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ