വയനാട്: ജീവനക്കാരുടെ കുറവിനെ തുടർന്ന് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ദൈനംദിന പ്രവർത്തനം താളം തെറ്റുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ താൽക്കാലികമായി നിയമിച്ച ജീവനക്കാരെ ഒരുമിച്ചു പിരിച്ചു വിട്ടതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. കഴിഞ്ഞ ഒക്‌ടോബർ 20ആം തീയതിയാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ആശുപത്രി സൂപ്രണ്ട് 148 ജീവനക്കാരെ പിരിച്ചുവിട്ടത്.
വേണ്ടത്ര ജീവനക്കാരില്ലാതിരുന്ന മെഡിക്കൽ കോളേജിൽ കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി ജീവനക്കാരെ നിയമിച്ചത് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇവരെ ഒറ്റയടിക്ക് പിരിച്ചു വിട്ടതോടെ കോവിഡ് ചികിൽസയും ദൈനംദിന ചികിൽസയും പ്രതിസന്ധിയിലായി. പുതിയ ഡോക്‌ടർമാരെ മെഡിക്കൽ കോളേജിൽ നിയമിക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കകം തന്നെ ഇവരെ സ്‌ഥലം മാറ്റുന്നത് വെല്ലുവിളി സൃഷ്‌ടിക്കുകയാണ്.
ജീവനക്കാരുടെ ക്ഷാമം മൂലം കോവിഡ് ചികിൽസക്ക് എത്തുന്ന രോഗികളും, ഒപിയിൽ ചികിൽസക്ക് എത്തുന്ന രോഗികളും, കിടത്തി ചികിൽസക്ക് എത്തുന്ന രോഗികളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് എല്ലാവർക്കും ചികിൽസ ഉറപ്പാക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Read also: കടുവയുടെ സാന്നിധ്യം; ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്