പരസ്യമല്ലങ്കിലും രഹസ്യമായി ഇപ്പോഴും നിലനിൽക്കുന്ന ഭ്രഷ്‌ടുകൾക്കെതിരെ സാധ്യമാകുന്ന രീതിയിലെല്ലാം പൊരുതിയ പഞ്ചവാദ്യ വിദ്വാൻ ഗോപിയാശാൻ ഭൂമിയിൽ നിന്ന് വിടപറഞ്ഞിട്ട് ഇത് മൂന്നാം വർഷം. ഗുരുവായൂർ ക്ഷേത്ര നടയിൽ കൊട്ടാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കാതെയാണ് ഇദ്ദേഹം യാത്ര പറഞ്ഞതെങ്കിലും ചാരിതാർഥ്യത്തോടെയാണ് 63ആം വയസിലെ മരണം.
‘ഭ്രഷ്‌ടുകൾക്കെതിരെ അച്ഛന് സാധ്യമാകുന്ന രീതിയിലെല്ലാം പൊരുതിയിരുന്നു. ഈ പോരാട്ടം തന്റെ ഒരു തലമുറകൊണ്ടു പൂർത്തിയാകില്ല എന്നത് അച്ഛന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ ജീവിതം കൊണ്ട് സന്തോഷവാനായിരുന്നു’ –മകൻ ശിവപ്രസാദ് പറയുന്നു.
‘ക്ഷേത്രങ്ങളിലും ആചാരങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന ഭ്രഷ്‌ടുകളെ പൊരുതി തോൽപ്പിക്കാൻ അച്ഛൻ സൃഷ്‌ടിച്ച ആയരത്തിൽ പരം ശിഷ്യരുണ്ടിവിടെ. 8 ജില്ലകളിലായി ആയിരത്തിൽ പരം ശിഷ്യരാണ് അച്ഛനുള്ളത്.
ഈ ശിഷ്യരിൽ 70%വും ഹരിജൻ ഉൾപ്പടെയുള്ള താഴ്ന്നതെന്ന് മേൽജാതിക്കാർ വിധിയെഴുതിയ വിഭാഗത്തിൽ നിന്നുള്ളവരാണ്. ക്ഷേത്രാചാരങ്ങളിലെ മാറ്റിനിറുത്തലുകളെ ചോദ്യംചെയ്യാൻ ഒരു സമൂഹം വളർന്നുവരേണ്ട ആവശ്യകത അച്ഛന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വരുന്ന കാലത്ത്, അച്ഛനെപോലുള്ളവർ തുടങ്ങിവച്ച പോരാട്ടം അവസാനിക്കരുതെന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് അച്ഛൻ അറിഞ്ഞുകൊണ്ടാണ് ശിഷ്യരെ തിരഞ്ഞെടുത്തിരുന്നത്. –മകൻ ശിവപ്രസാദ് കൂട്ടിച്ചേർത്തു.

‘തിരുവില്വാമല ഗോപി’
തൃശൂർ ജില്ലയിലെ തിരുവില്വാമലക്ക് അഭിമാനമായി വളർന്ന തിമിലവിദ്വാൻ ‘തിരുവില്വാമല ഗോപി’ എന്ന പി ഗോവിന്ദന്‍കുട്ടി അമ്പലവാസി സമുദായത്തിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട നായർ സമുദായത്തിലായിരുന്നു ജനിച്ചത്. ഭ്രഷ്‌ടുകളുടെ സംഹാരതാണ്ഡവം അവസാനിച്ചുവരുന്ന 1955ലാണ് ജനനമെങ്കിലും വളർച്ചയുടെ പാതയിൽ താനാഗ്രഹിച്ച ‘തിമില’ പഠിക്കാൻ ജാതി പ്രശ്‌നം ഉണ്ടായിരുന്നു. അമ്പലവാസി സമുദായത്തിൽ പെടാത്ത ആളായത് കൊണ്ട് ക്ഷേത്രാചാരങ്ങൾ പഠിക്കാൻ വലിയ പ്രതിസന്ധികൾ ഇദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു.

ക്ഷേത്ര കലാരംഗത്തെ വിപ്ളവകാരികളും വാദ്യപരിഷ്‌കർത്താക്കളും ആയിരുന്ന പുലക്കോട് മണികണ്‌ഠൻ നായർ, തിരുവില്വാമല അപ്പുണ്ണി പൊതുവാൾ, ചിന്നക്കുട്ട പൊതുവാൾ, കലാമണ്ഡലം പരമേശ്വരമാരാർ എന്നീ ഗുരുക്കൻമാർ തണലായപ്പോൾ ‘തിമില’ വാദ്യത്തിൽ പകരക്കാരനില്ലാത്ത ആശാനായി വളരുകയായിരുന്നു ‘തിരുവില്വാമല ഗോപി’. പിന്നീടങ്ങോട്ട് ചരിത്രമായ ഗോപിയാശാൻ തന്റെ ‘തിമില’ കൊണ്ട് ലക്ഷകണക്കിന് ഹൃദയങ്ങളെയാണ് കീഴടക്കിയത്.
ആരംഭിച്ചിടത്ത് അവസാനിപ്പിച്ച ഭാഗ്യവാൻ
വില്വാദ്രിനാഥ ക്ഷേത്രത്തിൽ കൊട്ടിക്കയറിയ ഗോപിയുടെ തുടക്കം പിന്നെ പല ക്ഷേത്രോൽസവങ്ങളിലും മാറ്റത്തിന്റെ ഗണപതിക്കയ്യായി മാറി. പലയിടങ്ങളിലും തഴയപ്പെട്ടങ്കിലും തളരാതെ, താളംകൊട്ടി ഉൽസവ പറമ്പുകളുടെ ആവേശമായി മാറിയ ഗോപിക്ക് ആയിരത്തിലധികം ശിഷ്യരാണ് ഇന്നുള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി പഞ്ചവാദ്യത്തിനും ഏറെ വർഷത്തോളം ഇദ്ദേഹം നേതൃത്വം നൽകി. ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് കലാകാരനായിരുന്ന ഗോപി ഒന്നര പതിറ്റാണ്ട് കാലം തിരുവില്വാമല വാദ്യകലാസംഘടനയുടെ പ്രസിഡണ്ട് ആയും പ്രവർത്തിച്ചിരുന്നു.

കേരളത്തിലെ ഒരുവിധം മുതിർന്ന ആചാര്യൻമാർക്കൊപ്പം നിന്ന് വളർന്ന ഗോപിയാശാൻ കേരളത്തിലെ ജാതീയതക്കെതിരെ തന്റെ കലയിലൂടെ പൊരുതുകകൂടി ചെയ്‌തു. പഞ്ചവാദ്യത്തില്‍ പണ്ട് ഉപയോഗിച്ചിരുന്ന ‘തൊപ്പി മദ്ദളം’എന്ന വാദ്യോപകരണത്തിന് പകരം ഇന്ന് നാം കാണുന്ന തരത്തിലുള്ള ‘ശുദ്ധ മദ്ദളത്തിന്’ രൂപം കൊണ്ടുത്ത പഞ്ചവാദ്യത്തിന്റെ ശിൽപി വെങ്കിച്ചന്‍ സ്വാമി, സുപ്രസിദ്ധ എഴുത്തുകാരൻ വികെഎൻ, പാലക്കാട് മണി അയ്യർ, തിരുക്കൊച്ചി സഭയിലെ ദിവാനായിരുന്ന റാവു ബഹദൂർ ടികെ നായർ എന്നിവരുടെയൊക്കെ സ്വദേശമായ തിരുവില്വാമല ‘തിരുവില്വാമല ഗോപി’ എന്ന ഗോപിയാശാനുകൂടി ജൻമമേകി.
സവർണർക്ക് മാത്രം നിശ്‌ചയിച്ചിരുന്ന കലാരൂപങ്ങൾ ഇതര സമുദായക്കാരൊന്നും പഠിച്ചുകൂടാ എന്ന കർശനമായ ജാതീയത നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഗോപിയാശാൻ നിരവധി തിക്‌താനുഭവങ്ങൾക്ക് ശേഷം പഞ്ചാവാദ്യ കലാകാരനായി അരങ്ങിലെത്തുന്നത്. നാലരപതിറ്റാണ്ട് മുന്‍പ് വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശിക്ക് നേതൃത്വം നല്‍കിയായിരുന്നു തന്റെ തിമില വാദ്യലോകത്തേക്കുള്ള ആരംഭം. അതേ വില്വാദ്രിനാഥ ക്ഷേത്രത്തിൽ, നിറമാല ആഘോഷത്തിന് കൊട്ടിയാണ് തന്റെവാദ്യലോകം ഇദ്ദേഹം അവസാനിപ്പിച്ചത്.

കുടുംബമായിരുന്നു കരുത്ത്
ഉൽസവപറമ്പുകളുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും വൈകാരിക താളമായിമാറിയ തന്റെ ‘തിമില വാദ്യം’ നെഞ്ചോടുചേർത്ത ഇദ്ദേഹം 2018 നവംബർ 20നാണ് രോഗബാധിതനായി മരണത്തിന് കീഴടങ്ങിയത്. കുടുംബമാണ് തനിക്ക് പൂർണ പിന്തുണ നൽകിയതെന്ന് ഇദ്ദേഹം പല അഭിമുഖങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ പ്രിയതമ നന്ദിനി വീട്ടമ്മയാണ്. രണ്ടു മക്കളുണ്ട്. തിമില കലാകാരനും സൗത്ത് ഇന്ത്യൻ സിനിമാരംഗത്തെ പിആർഒയുമായ ശിവപ്രസാദാണ് ഒരുമകൻ. നര്‍ത്തകിയും സംസ്‌ഥാന തലത്തില്‍ കലാതിലകവും, 2017ല്‍ കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ‘യംഗ് ടാലന്റ് അവാര്‍ഡ്’ ജേതാവുമായ അശ്വതിയാണ് മകൾ.
Most Read: ‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?




































