ന്യൂഡെൽഹി: സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതിയുടെ പേരാണ് ‘ഇ-ശ്രം’.
പദ്ധതിയിൽ അംഗമാകുന്ന വ്യക്‌തികൾക്ക് നൽകുന്ന കാർഡിന്റെ പേരാണ് ‘ഇ-ശ്രം കാർഡ്. ഈ പദ്ധതി ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയമാണ് ഇപ്പോൾ. ഈ സമയത്ത് പദ്ധതിയുടെ ന്യായ-അന്യായങ്ങളെന്ത്? പദ്ധതിയുടെ രക്ഷാകർതൃത്വം ആരുടേത്? പ്രയോജനങ്ങൾ എന്തെല്ലാം? എന്നിവയിലേക്ക് വെളിച്ചം വീശാനാണ് ഈ റിപ്പോർട്.
അടിത്തറയുടെ രൂപീകരണം 2008ൽ
അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷക്കായി 2008ൽ അന്നത്തെ സർക്കാർ പാസാക്കിയ ‘Unorganised Workers’ Social Security Act 2008′ എന്ന നിയമത്തിന് കീഴിൽ, ആധാർ പദ്ധതി പൂർത്തീകരിച്ച ശേഷം നടപ്പിലാക്കാൻ ആസൂത്രണം ചെയ്‌ത പദ്ധതിയാണ് ‘ഇ-ശ്രം’ എന്ന പുതിയ പേരിൽ ഇന്ന് നടപ്പിലാക്കി വരുന്നത്. Unorganized Workers’ Identification Number അഥവാ UWIN എന്നായിരുന്നു 2014ൽ ഇതിന്റെ ആദ്യകാല പേര്.
2008ലെ നിയമ നിർമാണത്തിന് ശേഷം, സർക്കാർ നിർദ്ദേശമനുസരിച്ച് ‘നാഷണൽ സാംപിൾ സർവേ ഓഫീസ്’ അഥവാ എൻഎസ്‌എസ്ഒ അസംഘടിത മേഖലയിൽ സർവേ നടത്തുകയും ഇതനുസരിച്ച് 2011-12ൽ 47.41 കോടി ജനങ്ങൾ അസംഘടിത മേഖലയിൽ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതനുസരിച്ചാണ്, ഇവരെ ഏകീകരിക്കാൻ ‘UWIN’ എന്ന കാർഡ് പദ്ധതി ആസൂത്രണം ചെയ്‌തത്.
UWIN എന്ന പേരിൽതന്നെ വളരെവേഗത്തിൽ പദ്ധതി നടപ്പിലാക്കിയാൽ അത് മുൻസർക്കാരിന്റെ തുടർച്ചയാണെന്ന കാര്യം പൊതുസമൂഹം ഓർക്കുകയും അത് രാഷ്‌ട്രീയപരമായി തങ്ങൾക്ക് ഗുണം ചെയ്യില്ല എന്ന തിരിച്ചറിവിലുമാകാം 2014ൽ വന്ന കേന്ദ്രസർക്കാർ വിഷയത്തിൽ ഉദാസീനത കാണിക്കുകയും നടപടികളുടെ വേഗത കുറയുകയും ചെയ്‌തു. പിന്നീട്, പദ്ധതിയുടെ കാലതാമസം ചോദ്യം ചെയ്‌ത്, സുപ്രീം കോടതി മുൻപ് ഒരിക്കലും എടുക്കാത്ത നിലയിൽ ശക്‌തമായ നിലപാട് എടുത്തതോടെ പേരുമാറ്റി, പ്രാവർത്തികം ആക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് ‘ഇ-ശ്രം’.
‘ഇ-ശ്രം’ പദ്ധതിയുടെ നാൾവഴികൾ:
കഴിഞ്ഞ കോവിഡ് ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് ഏറ്റവും അധികം ദുരിതം അനുഭവിച്ച വിഭാഗമായിരുന്നു വിവിധ സംസ്‌ഥാനങ്ങളിലെ അതിഥി തൊഴിലാളികൾ. 2020 മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടിയേറ്റ തൊഴിലാളികളെ പട്ടിണിയിലേക്കും, കൊടിയ ദാരിദ്രത്തിലേക്കും ഒട്ടനവധി പേരുടെ മരണത്തിലേക്കും നയിച്ചു.
വാഹനങ്ങൾ ഇല്ലാതിരുന്ന ലോക്ക്ഡൗൺ കാലത്ത്, റെയിൽ പാളങ്ങളിലൂടെയും, അതിവേഗ ഹൈവേകളിലൂടെയും നടന്ന് നീങ്ങിയ കുടിയേറ്റ തൊഴിലാളികൾ പട്ടിണിയും യാത്രാ ക്ഷീണവും സഹിക്കവയ്യാതെ വഴിയരികിൽ മരിച്ചു വീണുകൊണ്ടിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ‘ബന്ധുവ മുക്‌തി മോർച്ച’ കോടതിയിൽ എത്തുകയും ചെയ്‌തു.
തുടർന്നാണ് പരമോന്നത കോടതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടായത്. അങ്ങനെയാണ് അസംഘടിത തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും ദേശീയ തലത്തിലുള്ള വിവരശേഖരണം നടത്തി ഡാറ്റാബേസ് തയ്യാറാക്കാനുള്ള ചരിത്രപരമായ തീരുമാനത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്‌റ്റിസ് അശോക് ഭൂഷൺ, ജസ്‌റ്റിസ് എംആർ ഷാ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രഖ്യാപനം നടത്തിയത്.
ഏകദേശം ഒരു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ സുപ്രീം കോടതി കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ഉൾപ്പടെ ഉത്തരവിറക്കിയത്. ‘ഒരു രാജ്യം ഒരു റേഷൻ പദ്ധതി’, അതിഥി തൊഴിലാളികൾക്കുള്ള കമ്മ്യൂണിറ്റി കിച്ചൻ, അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് എന്നിവ തയ്യാറാക്കാനായിരുന്നു ഉത്തരവ്. 2021 ജൂലൈ 31 നകം പ്രവർത്തനം തുടങ്ങാൻ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ച് സമയം നീട്ടുകയും, 2021 ഓഗസ്‌റ്റ് 26ന് തൊഴിലാളികളുടെ രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്‌തു.
‘ബന്ധുവ മുക്‌തി മോർച്ച’ എന്ന സംഘടനയുടെയും സുപ്രീം കോടതിയുടെയും ശക്‌തമായ ഇടപെടലിലൂടെ മാത്രം ഇപ്പോൾ നടപ്പിലാക്കി വരുന്ന ഇ-ശ്രം പദ്ധതി, തങ്ങളുടെ ഭരണനേട്ടമായാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. രാജ്യത്തെ 48 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വ്യാപക നുണകൾ പ്രതിരോധിക്കാൻ പോലും ശേഷിയില്ലാത്ത രീതിയിലാണ് പ്രതിപക്ഷമെന്നത് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്.
‘ഇ-ശ്രം’ പദ്ധതിയുടെ ഗുണങ്ങൾ:
പദ്ധതിയിലൂടെ ഏകദേശം 47 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളെയാണ് ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നത്. ഇതിലൂടെ സാമൂഹ്യ ക്ഷേമ പദ്ധതികൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ നേരിട്ട് ഇവരിലേക്ക് എത്തിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ ഗുണം. അസംഘടിത തൊഴിലാളികൾ ഇ-ശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത് കഴിഞ്ഞാൽ പിന്നീട് സർക്കാർ ആരംഭിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി പ്രത്യേകം രജിസ്‌റ്റർ ചെയ്യേണ്ടതില്ല.
പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാ അസംഘടിത തൊഴിലാളികൾക്കും 365 ദിവസത്തേക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) പ്രകാരം അപകട ഇൻഷുറൻസ് പരിരക്ഷ നൽകും. അപകട മരണത്തിനും സ്‌ഥിരമായ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും തൊഴിലാളികൾക്ക് നൽകും.
സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുക മാത്രമല്ല, മഹാമാരികൾ അല്ലെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അർഹരായ എല്ലാ അസംഘടിത തൊഴിലാളികളെയും സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശ്രയിക്കുക ഇ-ശ്രം പോർട്ടലിനെയാവും. ഈ പോർട്ടൽ കുടിയേറ്റ തൊഴിലാളികളുടെ ട്രാക്ക് റെക്കോർഡ് സൂക്ഷിക്കാൻ സഹായിക്കുകയും, അവർക്ക്കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.
ഇ-ശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യേണ്ടത് എങ്ങനെ ?
തൊഴിലാളികൾക്ക് ഇ-ശ്രം പോർട്ടലിൽ സൗജന്യമായി രജിസ്‌റ്റർ ചെയ്യാം, രജിസ്ട്രേഷനായി അധിക ചാർജുകളൊന്നും നൽകേണ്ടതില്ല. താഴെ പറയുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഇതിൽ രജിസ്‌ട്രേഷൻ നടത്താം.
ഘട്ടം 1: പോർട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക (www.eshram.gov.in) ഏത് ഇന്റർനെറ്റ് ബ്രൗസർ ഉപയോഗിച്ചും ഔദ്യോഗിക വെബ് വിലാസം സന്ദർശിക്കാം.
ഘട്ടം 2: ‘Register on e-SHRAM‘ എന്ന വിഭാഗത്തിൽ ക്ളിക്ക് ചെയ്യുക. ഇത് നിങ്ങളെ ഒരു പുതിയ പേജിലേക്ക് തിരിച്ചുവിടും.
ഘട്ടം 3: സ്വയം രജിസ്‌റ്റർ ചെയ്‌ത ഓപ്ഷനിൽ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകുക.
ഘട്ടം 4: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അല്ലെങ്കിൽ എംപ്ളോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) എന്നിവയിൽ അംഗങ്ങളാണ് എങ്കിൽ ഇത് സംബന്ധിച്ച് ആവശ്യമുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. ശേഷം OTP അയക്കുക എന്നതിൽ ക്ളിക്ക് ചെയ്യുക.
ഘട്ടം 5: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും. അവ കൃത്യമായി നൽകുക. ശേഷം ലഭിക്കുന്ന രേഖയുടെ പ്രിന്റ് ഔട്ട് എടുത്ത് കൈയിൽ സൂക്ഷിക്കണം. തൊഴിൽ മന്ത്രാലയം ആരംഭിച്ച ദേശീയ ടോൾ ഫ്രീ നമ്പറായ 14434ൽ വിളിച്ചാൽ ഇ-ശ്രം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, മറ്റ് ചോദ്യങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്.
എന്ത് കൊണ്ട് ‘ഇ-ശ്രം’ ?
നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവർ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇവരിലേക്ക് സർക്കാർ ആനുകൂല്യം എത്തിക്കാനും, കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഉണ്ടാക്കി എടുക്കാനും പദ്ധതിയിലൂടെ കഴിയുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
എന്ന് മാത്രമല്ല രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവർക്ക് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ ഭരണകൂടത്തിന് കഴിയുകയും ചെയ്യും. അതിനാൽ തന്നെ അസംഘടിത തൊഴിലാളികൾക്ക് ഭാവിയിൽ ഏറെ ഗുണം ചെയ്യുന്നത് തന്നെയാവും ഇ-ശ്രം പദ്ധതി.
Must Read: സാമൂഹിക അടുക്കളകൾ; കേന്ദ്രം 3 ആഴ്‌ചയ്‌ക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി
60 വയസ്സ് കഴിഞ്ഞ തൊഴിലാളികളെ രജിസ്ട്രേഷന് പരിഗണിക്കുന്നില്ല എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മയാണ്. അനീതിയുമാണ്. തെരുവോരങ്ങളിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്ന ലക്ഷക്കണക്കായ വയോജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഈ പരിപാടിയെ ആക്കാരണത്താൽ തന്നെ എതിർക്കുന്നു. വിയോജിക്കുന്നു.
ALREADY PENSSION KITTUNNAVARANALLO 60 VAYASSAYAVAR
ഞാൻ BPL വിഭാഗത്തിൽ പെട്ടതാണ്. ഇശ്രം കാർഡ് എടുത്തിട്ടുണ്ട്. എന്റെ ഭാര്യ ഇന്നലെLung cancer Surgery കഴിഞ്ഞ് Hospital -ൽ ആണ്. എനിക്കെന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ ? മറ്റയാ തൊരു വിധ ഇൻഷ്വറൻസ് കൾ എനിക്കില്ല. 26 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു.
ഞാൻ 1993 മുതൽ ലാൻ്റ് സർവ്വേ ചെയ്യുന്ന ഒരു സർവെയർ ആണ് . എന്നെപ്പോലെ ഇതേ തൊഴിൽ എടുക്കുന്നവർ രാജ്യത്ത് ഉടനീളം ഉണ്ട്. എന്നാല് survey എന്ന തൊഴിൽ ഇതിൽ കാണുന്നില്ല . പിന്നെ എങ്ങിനെയാണ് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നത്.