അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം

By Drishya Damodaran, Official Reporter
  • Follow author on
surrogacy-health news
Ajwa Travels

വാടക ഗർഭധാരണം അഥവാ സറോഗസി ഇന്ന് ലോകത്താകമാനം ഏറെ പ്രചാരത്തിൽ ആയിക്കഴിഞ്ഞ ഒന്നാണ്. പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാർ വരെ കുഞ്ഞ് എന്ന തങ്ങളുടെ സ്വപ്‌നം വാടക ഗർഭധാരണത്തിലൂടെ പൂർത്തീകരിക്കാൻ തയ്യാറാവുന്നുണ്ടെങ്കിലും തികഞ്ഞ മിഥ്യാഭിമാന പ്രശ്‌നം കാരണം ഇതാരും തുറന്നു പറയാറില്ല എന്നതാണ് വാസ്‌തവം.

എന്നാൽ, ചില പ്രമുഖർ ഇത് തുറന്നു പറഞ്ഞതോടെയാണ് കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികളുടെ ആഗ്രഹ പൂർത്തീകരണത്തിന് ഇതൊരു സാധ്യതായി മാറിയത്. അതിലൊരു അതി പ്രശസ്‌ത ഫാമിലിയാണ് ഷാരൂഖ് ഖാൻ & ഗൗരി ഖാൻ.

2013ൽ വാടക ഗർഭപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആൺകുഞ്ഞു പിറക്കുന്നത്. എന്നാൽ ഷാരൂഖ് ഖാന്റെ മൂത്ത മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്റെ വാലുപിടിച്ച് ചില മാദ്ധ്യമങ്ങൾ സറോഗസിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പടച്ചുവിട്ടത് നാം കണ്ടതാണ്. സറോഗസിയെക്കുറിച്ചുള്ള അറിവില്ലായ്‌മയും ഊഹാപോഹങ്ങളുമാണ് അത്തരം വാർത്തകൾക്ക് പിന്നിൽ.

എന്താണ് സറോഗസി അഥവാ വാടക ഗർഭധാരണം?

ഇംഗ്ളീഷിൽ Surrogacy എന്നാണ് പറയുന്നതെങ്കിലും മറ്റു ഭാഷകളിൽ ഇതിനെ സറോഗസി എന്നും സറഗസി എന്നും വിളിക്കുന്നുണ്ട്. ഒരു സ്‌ത്രീ തന്റെ ഗർഭപാത്രം ഗർഭധാരണത്തിനും പ്രസവത്തിനുമായി നൽകുക വഴി കുട്ടികളില്ലാത്ത ദമ്പതിമാർക്കോ വ്യക്‌തിക്കോ കുട്ടികളെ ജനിപ്പിക്കാൻ സൗകര്യമൊരുക്കുന്ന സമ്പ്രദായമാണ് വാടക ഗർഭധാരണം. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരിൽ ഇരുവരുടെയുമോ അല്ലെങ്കിൽ ആരെങ്കിലും ഒരാളുടേതോ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്‌ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ച ശേഷം കൈമാറുന്ന രീതിയാണിത്.

കൃത്രിമ ഗർഭധാരണ സമ്പ്രദായത്തിൽ, സഹായാധിഷ്‌ഠിത പ്രതുൽപാദന മാർഗങ്ങളിലൊന്നായി ഈ രീതി ഇന്ന് വ്യാപകമായി മാറിയിട്ടുണ്ട്. സാധാരണയായി ഗർഭാശയ തകരാർ മൂലമുള്ള വന്ധ്യതയ്‌ക്ക് പരിഹാരമായിട്ടാണ് ഈ രീതി അവലംബിക്കുന്നത്.

ഇത്തരത്തിൽ ഗർഭപാത്രം നൽകുന്ന സ്‌ത്രീയെ സറോഗേറ്റ് അമ്മ അഥവാ മാറ്റമ്മ (surrogate mother) എന്ന് വിളിക്കുന്നു. വാടക ഗർഭധാരണത്തിൽ കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവിക ബന്ധം ഇല്ല. അതിനാൽ തന്നെ ഇത്തരം അമ്മമാരെ ഗർഭവാഹകർ (gestational carrier) എന്നാണ് വിളിക്കുന്നത്.

ഭ്രൂണത്തെ നിർദിഷ്‌ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്‌ട്യൂബിൽ വെച്ച് ബീജസങ്കലനം (In Vitro Fertilization -IVF) നടത്തിയാണ് സൃഷ്‌ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നു.

Surrogacy_

അല്ലെങ്കിൽ ഗർഭപാത്രം നൽകുന്ന സ്‌ത്രീയുടെ തന്നെ അണ്ഡം ദമ്പതികളിൽ ഭർത്താവിന്റെ ബീജവുമായി കൃത്രിമ ബീജസങ്കലനത്തിനായി നൽകി ആ സിക്‌താണ്ഡം(Zygote-അണ്ഡവും പും ബീജവും സംയോജിച്ചുണ്ടാകുന്ന ഒറ്റകോശം) ഉപയോഗിക്കുന്ന രീതിയുണ്ട്. ദമ്പതികളിൽ ആരുടെയെങ്കിലും ബീജം മറ്റാരുടെയെങ്കിലും ബീജവുമായി സംയോജിപ്പിച്ച് സിക്‌താണ്ഡം സൃഷ്‌ടിച്ച് മാറ്റമ്മയിൽ നിക്ഷേപിക്കുന്ന രീതിയും ഉണ്ട്. ചിലർ പരോപകാരപര തൽപരതയോടെ ഗർഭപാത്രം നൽകുമ്പോൾ മറ്റു ചിലർ പ്രതിഫലം വാങ്ങിയും നൽകുന്നു.

എന്താണ് ഐവിഎഫ്?

വിവിധ കാരണങ്ങള്‍ കൊണ്ട് മാതാപിതാക്കളാകാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള അവസരം നല്‍കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഐവിഎഫ് അഥവാ കൃത്രിമ ബീജസങ്കലനം (in vitro fertilization -IVF). ഇൻ‌ വിട്രോ ഫെർട്ടിലൈസേഷന്റെ ചുരുക്കപ്പേരാണ് ഐവിഎഫ്. ശരീരത്തിന് പുറത്ത് കൃത്രിമാവസ്‌ഥയിൽ അണ്ഡകോശത്തെ പുരുഷ ബീജംകൊണ്ട് ബീജസങ്കലനം (അണ്ഡകോശവും പുരുഷബീജവും ചേരുന്ന പ്രക്രിയ) ചെയ്യിക്കുന്ന പ്രക്രിയയാണിത്.

IVF Procedure

ഐവിഎഫും വാടക ഗർഭധാരണവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് നോക്കാം. ഐവിഎഫിൽ അണ്ഡകോശത്തെ ശരീരത്തിന് പുറത്ത് കൃത്രിമാവസ്‌ഥയിൽ പുരുഷബീജം കൊണ്ട് ബീജസങ്കലനം നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ വാടക ഗർഭധാരണത്തിൽ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് സറോഗേറ്റിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച്, പ്രസവിച്ചശേഷം കുഞ്ഞിനെ കൈമാറുകയുമാണ് ചെയ്യുന്നത്.

പലവിധ കാരണങ്ങള്‍ കൊണ്ടാകാം ഐവിഎഫ് നടത്തേണ്ടി വരുന്നത്. ബീജത്തിന്റെ എണ്ണത്തിലോ ഗുണത്തിലോ ഉള്ള കുറവ്, ഓവുലേഷന്‍ പ്രശ്‌നങ്ങള്‍, അണ്ഡവാഹിനി കുഴലുകളിലെ തടസം, എന്‍ഡോമെട്രിയാസിസ് തുടങ്ങിയവയെല്ലാം ഇതിന് കാരണമായേക്കാം.

ഈ സാങ്കേതികവിദ്യയിൽ ഹോർമോണുകളുടെ സഹായത്തോടെ സ്‌ത്രീയുടെ അണ്ഡോൽ‌പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുകയും, അങ്ങനെ ഉൽപാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്‌ത്രീശരീരത്തിൽ നിന്ന് മാറ്റി പ്രത്യേകം പരുവപ്പെടുത്തിയ ഒരു സംവർധക ദ്രവമാദ്ധ്യമത്തിൽ നിക്ഷേപിച്ച് അവയെ പുരുഷ ബീജങ്ങളെക്കൊണ്ട് ബീജസങ്കലനം ചെയ്യിക്കുകയും സിക്‌താണ്ഡമാക്കുകയും ചെയ്യുന്നു. ഈ സിക്‌താണ്ഡത്തെ പിന്നീട് ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്‍ത്രീയുടെ ഗർഭപാത്രത്തിൽ, ഒരു കുഞ്ഞിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലും വാടകഗർഭധാരണം അപൂർവ്വമല്ല. ബോളിവുഡ് സൂപ്പർതാരമായ ഷാരൂഖ് ഖാന് പുറമെ ആമിർ ഖാനും ഭാര്യ കിരൺ റാവുവിനും ഐവിഎഫ് വാടക ഗർഭധാരണത്തിലൂടെയാണ് 2011ൽ ആസാദ് റാവു ജനിക്കുന്നത്. കൂടാതെ സംവിധായകയും കോറിയോഗ്രാഫറുമായ ഫറാ ഖാൻ, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, സണ്ണി ലിയോൺ, സൊഹൈൽ ഖാൻ, തുഷാർ കപൂർ, ഏക്‌ത കപൂർ എന്നിവരും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയവരാണ്.

2005ല്‍ തിരുവനന്തപുരം സമദ് ആശുപത്രിയിലായിരുന്നു കേരളത്തിൽ ആദ്യമായി വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നത്. 40 കഴിഞ്ഞ കൊച്ചി സ്വദേശികളായ ദമ്പതികളുടെ ബീജവും അണ്ഡവും ശേഖരിച്ച് ഭ്രൂണത്തെ വാടക മാതാവില്‍ നിക്ഷേപിക്കുകയായിരുന്നു. ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് പരീക്ഷണം വിജയിച്ചു.

ഇവിടെയുമുണ്ട് മാഫിയകൾ

മറ്റ് മേഖലകളിലെന്ന പോലെ തന്നെ വാടക ഗര്‍ഭധാരണത്തിലും ചൂഷണങ്ങള്‍ നടക്കാറുണ്ട്. സറോഗസിയിലൂടെ പിറന്ന അനേകം കുട്ടികള്‍ പിന്നീട് അനാഥരായി തീരേണ്ടിവരുന്നു. കൂടാതെ വാടക ഗർഭധാരണമെന്നത് ഒരു ബിസിനസായും മാറികൊണ്ടിരുന്നു.

ഇന്ത്യയിലെ വാടക ഗർഭപാത്രങ്ങൾ തേടിവരുന്നവരിൽ ഏറെയും വിദേശ ദമ്പതികളാണ് എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ഇതോടെ വാടക അമ്മമാരെയും ആവശ്യക്കാരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരും ധാരാളമായി രംഗത്തെത്തി. മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നിയമപ്രകാരമുള്ള വാടക ഗർഭധാരണം ധാരാളമായി നടക്കുന്നുണ്ടെങ്കിലും മറ്റേതൊരു മേഖലയെക്കാളും സ്‌ത്രീകളെ ചൂഷണം ചെയ്യാനും ചതിക്കുഴികളിൽ പെടുത്താനുമുള്ള സാധ്യത വാടക ഗർഭധാരണത്തിൽ കൂടുതലാണ്.

വാടക ഗർഭപാത്രത്തിൽ കുഞ്ഞു വളർച്ചയെത്തിയ ശേഷം വിദേശ ദമ്പതികൾ വേർപിരിഞ്ഞതിനെ തുടർന്ന് കുഞ്ഞിന്റെ ഉത്തരവാദിത്വം ദരിദ്രയായ ഇന്ത്യക്കാരി അമ്മയിലായതടക്കം നിരവധി കേസുകൾ വാർത്തകളിൽ നാം കണ്ടതാണ്.

ഗർഭപാത്രങ്ങൾ കച്ചവടച്ചരക്കായി കണ്ട് ഇടനിലക്കാരും വൻ ലാഭം കൊയ്യാൻ തുടങ്ങിയതോടെയാണ് കച്ചവട താൽപര്യത്തോടെയുള്ള ഗർഭധാരണം നിയന്ത്രിക്കാനായുള്ള ബില്ലിന് രൂപം നൽകിയത്.

2019ൽ ലോകസഭയിൽ പാസാക്കിയ ബിൽ നിലവിൽ രാജ്യസഭയുടെ പരിഗണനയിലാണ്. എന്നാൽ ഇതിനിടെ കൂടുതൽ സ്‌ത്രീകൾ തങ്ങളുടെ ഗർഭപാത്രങ്ങൾ വാടകയ്‌ക്ക് കൊടുക്കാൻ തയ്യാറായി രംഗത്തേക്ക് എത്തുകയാണ്. വന്ധ്യത ചികിൽസാ കേന്ദ്രങ്ങളിൽ വാടക ഗർഭധാരണത്തിന് സന്നദ്ധത അറിയിച്ചെത്തുന്ന സ്‌ത്രീകളുടെ എണ്ണം ഇപ്പോൾ പതിൻമടങ്ങ് വർധിച്ചതായാണ് വിലയിരുത്തൽ.

മുൻകാലങ്ങളിൽ ദിനവും ഒന്നോ രണ്ടോ പേർ മാത്രമാണ് വാടക ഗർഭധാരണത്തിന് തയ്യാറായി എത്തിയിരുന്നതങ്കിൽ ഇപ്പോൾ അന്വേഷണങ്ങളുമായി എത്തുന്നവരുടെ സംഖ്യ പത്തിന് മുകളിലാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗർഭധാരണത്തിന് തയ്യാറായിവരുന്ന സ്‌ത്രീകളിൽ ഭൂരിഭാഗവും കുടുംബത്തിന് ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ അവസാന ആശ്രയം എന്നരീതിയിലാണ് ഈ മാർഗം തിരഞ്ഞെടുത്തതെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നു.

വാടക ഗർഭം- ഇന്ത്യൻ നിയമം പറയുന്നതെന്ത്?

2002 മുതൽക്ക് തന്നെ ‘സറോഗസി’ നടക്കുന്നുണ്ടെങ്കിലും ഇതിനെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ ഇന്ത്യയിലില്ല. ഇത് നിയമവിരുദ്ധമോ വിധേയമോ അല്ല. ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണിത്. ഈ കരാറിന്റെ ലംഘനത്തിൻമേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല.

ഇന്ത്യയിൽ പ്രതിഫലം വാങ്ങിയുള്ള സറോഗസി വർധിച്ചുവരുന്ന സാഹചര്യത്തിൽ സഹായാധിഷ്‌ഠിത പ്രത്യുൽപാദന മാർഗങ്ങൾ സംബന്ധിച്ച് നടപ്പാക്കുന്ന നിയമത്തിൽ (Assisted Reproduction Technology Bill) ഇതിനെ സംബന്ധിച്ചുള്ള കർശന വ്യവസ്‌ഥകൾ ഉൾച്ചേർക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യൻ ലോ കമീഷൻ 2009 ഓഗസ്‌റ്റ് അഞ്ചിന് കേന്ദ്രസർക്കാരിന് സമർപ്പിച്ച 228ആമത് റിപ്പോർട്ടിലെ നിർദ്ദേശ പ്രകാരമാണ് ഈ പുതിയ നിയമം. ഇതിൽ ഏറെ മനുഷ്യാവകാശ പ്രശ്‌നങ്ങളും ധാർമിക വിഷയങ്ങളും ഉൾച്ചേർന്നിട്ടുണ്ടെന്നും നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കിൽ ഒട്ടേറെ സങ്കീർണതകൾ ഉണ്ടാകാമെന്നും കമ്മീഷൻ പറയുന്നു. എന്നാൽ, അവ്യക്‌തമായ ‘ധാർമിക’ കാരണങ്ങൾ പറഞ്ഞ് ഇത്തരം ഗർഭധാരണങ്ങൾ നിരോധിക്കുന്നതിൽ അർഥമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.

ജനകീയാരോഗ്യ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെട്ട് കൊണ്ടിരുന്ന, പ്രതിഫലം പറ്റിയുള്ള വാടകഗർഭധാരണം നിരോധിക്കുന്ന വാടക ഗർഭപാത്ര നിയന്ത്രണ ബിൽ (Surrogacy Regulation Bill: 2016) ലോകസഭ പാസാക്കി. കേന്ദ്രതലത്തില്‍ ദേശീയ സറോഗസി ബോര്‍ഡും സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്‌ഥാന സറോഗസി ബോര്‍ഡുകളും അനുയോജ്യമായ അതോറിറ്റികളും രൂപീകരിച്ചുകൊണ്ടാണ് ബില്‍ പാസാക്കിയത്. ഗർഭകാലത്തും പ്രസവത്തിനും ചിലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ ഗർഭപാത്രം വാടകയ്‌ക്ക് നൽകുന്നവർ വാങ്ങാൻ പാടില്ലെന്ന് ബില്ലിൽ പറയുന്നു.

വാടകഗര്‍ഭം ധരിക്കുന്ന ആളിന്റെയും അതിലുണ്ടാകുന്ന കുട്ടിയുടെയും അവകാശങ്ങളും ഇതിലൂടെ സംരക്ഷിക്കപെടുന്നു. ജമ്മു കശ്‌മീർ ഒഴികെയുള്ള രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും ഈ ബിൽ ബാധകമാണ്.

ഇപ്പോൾ പാസാക്കിയ ബില്ലനുസരിച്ച് നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടികളില്ലാത്ത ദമ്പതിമാർക്ക് അടുത്ത ബന്ധുവിൽ നിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായി സ്വന്തം കുഞ്ഞായി ദമ്പതിമാർക്ക് പരിഗണിക്കാം.

എന്നാൽ വിവാഹിതരല്ലാത്ത പങ്കാളികൾ, പങ്കാളി മരിച്ചവർ, വിവാഹമോചിതർ, ഏകരക്ഷിതാക്കൾ, സ്വവർഗ പങ്കാളികൾ എന്നിവർക്ക് വാടകയ്‌ക്ക് ഗർഭപാത്രം സ്വീകരിക്കാൻ അനുമതിയില്ല. ഗർഭപാത്രം വാടകയ്‌ക്ക് നൽകുന്ന സ്‌ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. ഒരാൾക്ക് ഒരു തവണയേ ഗർഭപാത്രം നൽകാനാവൂ. പ്രവാസി ഇന്ത്യൻ വനിതകൾക്കും വിദേശികൾക്കും ഗർഭപാത്രം വാടകയ്‌ക്ക് നൽകാനാവില്ല. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള പ്രവാസി ദമ്പതിമാർക്ക് ഇന്ത്യയിൽ നിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം.

ചുരുക്കിപ്പറഞ്ഞാൽ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരും കുഞ്ഞുങ്ങളും ചൂഷണം ചെയ്യപെടാനുള്ള സാധ്യതയെ നിയമം ഇല്ലാതാക്കുന്നു.

Most Read: തണ്ണിമത്തന്‍ കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്‌സുകളിതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE