ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ സിനിമാ ലോകത്തിനും ആരാധകർക്കും ആയിട്ടില്ല. സിനിമാ ജീവിതത്തിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു പുനീത് എന്നതായിരുന്നു ആരാധകർക്കുൾപ്പടെ ഏറെ ആശങ്കയായ കാര്യം. എന്നാൽ, ഇപ്പോൾ പുനീതിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ വിശാൽ.
പുനീതിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പഠിക്കുന്ന 1800 കുട്ടികളുടെ പഠനച്ചെലവ് വിശാൽ ഏറ്റെടുത്തു. പുതിയ ചിത്രമായ ‘എനിമി’യുടെ പ്രി–റിലീസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പുനീത് രാജ്‌കുമാറിന്റെ വിയോഗം സിനിമാ ഇൻഡസ്ട്രിയ്‌ക്ക് മാത്രമല്ല സമൂഹത്തിന് തന്നെ തീരാ നഷ്‌ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം നോക്കിനടത്തിയിരുന്നു. ഇനി മുതൽ ആ കർത്തവ്യം ഞാൻ തുടരുമെന്ന് പ്രതിജ്‌ഞ ചെയ്യുകയാണ്’- വിശാൽ പറഞ്ഞു.
പുനീത് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർ സ്‌റ്റാറുകളിൽ ഇത്രയും വിനയം വെച്ചുപുലർത്തുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്‌തു. താനും അത് തുടരുമെന്ന് വിശാൽ വ്യക്‌തമാക്കി.
വരുമാനത്തിന്റെ നിശ്‌ചിതഭാഗം സാമൂഹ്യ സേവനത്തിനായി മാറ്റിവെച്ചിരുന്ന വ്യക്‌തിയായിരുന്നു പുനീത്. കർണാടക ജനതയ്‌ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്‌കൂളുകൾ, 16 വൃദ്ധസദനങ്ങൾ, 19 ഗോശാല, 1800 വിദ്യാർഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്‌തിരുന്നത്. ഒപ്പം മൈസൂരിൽ ‘ശക്‌തിദാമ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്‌തിരുന്നു.
Also Read: കോവിഡ് ഇന്ത്യ; രോഗബാധ കുറയുന്നു, ഒന്നാമത് കേരളം തന്നെ