ബെംഗളൂരു: ഭൂമിയെ വലം വെക്കാന്‍ ഇനി പുനീതും. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് അന്തരിച്ച നടന്‍ പുനീത് രാജ്‌കുമാറിന്റെ പേര് നല്‍കാന്‍ തീരുമാനം.
രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന 75 കൃത്രിമോപഗ്രഹങ്ങളില്‍ ഒന്നിനാണ് പുനീതിന്റെ പേര് നല്‍കിയിരിക്കുന്നത്. പുനീതിനോടുള്ള ആദരസൂചകമായാണ് വിദ്യാര്‍ഥികളുടെ ഉപഗ്രഹ പദ്ധതിക്ക് താരത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.
സംസ്‌ഥാനത്തെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുമുള്ള നൂറോളം വിദ്യാര്‍ഥികളാണ് ‘പുനീത് രാജ്കുമാര്‍ സ്‌റ്റുഡന്റ് സാറ്റലൈറ്റ് പ്രൊജക്‌ട്’ എന്ന ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുന്നത്. വിവിധ മൽസര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് പദ്ധതിയുടെ ഭാഗമാവാന്‍ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്.
ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എന്‍. അശ്വത് നാരായണനാണ് പദ്ധതിക്ക് പുനീതിന്റെ പേര് പ്രഖ്യാപിച്ചത്. ബെംഗളൂരുവിലെ മല്ലേശ്വരം സര്‍ക്കാര്‍ പിയു കോളേജില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു അശ്വത് ഉപഗ്രഹദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. മല്ലേശ്വരം കോളേജ് പരിസരത്ത് തന്നെയാവും ഉപഗ്രഹ പദ്ധതിയുടെ ഗ്രൗണ്ട് സ്‌റ്റേഷന്‍ നിര്‍മിക്കുക.
1.90 കോടി രൂപ ചിലവിട്ടാണ് 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിര്‍മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കര്‍ണാടക ശാസ്‌ത്ര സാങ്കേതിക വകുപ്പ് ഇന്ത്യന്‍ ടെക്‌നോളജിക്കല്‍ കോണ്‍ഗ്രസ് അസോസിയേഷനുമായി (ഐടിസിഎ) കരാറിലെത്തിയിട്ടുണ്ട്. ഉപഗ്രഹത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളെ സംബന്ധിച്ച് ഏപ്രില്‍ 22 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ളാസുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
Most Read: മീഡിയവണ്‍ വിലക്ക്; ചാനൽ ചെയ്‌ത കുറ്റമെന്താണെന്ന് വ്യക്‌തമാക്കണം- ബിനോയ് വിശ്വം