തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ ശ്രം പദ്ധതിയുടെ രജിസ്‌ട്രേഷൻ എറണാകുളം ജില്ലയിൽ ഒരു ലക്ഷം കടന്നു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതിയുടെ പേരാണ് ഇ-ശ്രം. ഇതിൽ രജിസ്‌റ്റർ ചെയ്യുന്നതോടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങളും തൊഴിൽ കാർഡും ലഭ്യമാകും.
ജില്ലാ കളക്‌ടർ ചെയർമാനും, എൻഫോഴ്‌സ്‌മെന്റ് ജില്ലാ ലേബർ ഓഫിസർ, കേന്ദ്ര അസിസ്‌റ്റന്റ് ലേബർ കമ്മീഷണർ എന്നിവർ മെമ്പർ സെക്രട്ടറിമാരുമായുള്ള ഇംപ്‌ളിമെന്റേഷൻ കമ്മിറ്റിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം, സാമൂഹ്യനീതി, വനിതാശിശുക്ഷേമം, ഫിഷറീസ്, എൻഎച്ച്‌എം, കൃഷി, കുടുംബശ്രീ മിഷൻ, മൃഗസംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ രജിസ്‌ട്രേഷൻ നടപടികളുമായി രംഗത്തുണ്ട്.
ഞായറാഴ്‌ച മുതൽ ഒരു മാസം നീളുന്ന പ്രത്യേക ക്യാംപയിൻ പരിപാടിക്ക് ഇംപ്‌ളിമെന്റേഷൻ കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ എല്ലാ ദിവസവും വിലയിരുത്തും. എല്ലാ വകുപ്പുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും. രജിസ്‌ട്രേഷൻ നടപടികൾ സ്വയം പൂർത്തീകരിക്കാൻ തൊഴിലാളികളെ പ്രാപ്‌തരാക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ക്യാംപുകൾ സംഘടിപ്പിക്കും.
ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കിടയിലും ഇ ശ്രം രജിസ്‌ട്രേഷൻ കാര്യമായി നടന്നുവരുന്നു. അതിഥി തൊഴിലാളികൾക്കായി ജില്ലാ ലേബർ ഓഫിസിലും അസി. ലേബർ ഓഫിസുകളിലും വിവിധ ക്യാംപുകൾ കേന്ദ്രീകരിച്ചും പെരുമ്പാവൂരുള്ള ‘ശ്രമിക് ബന്ധു’ ഫെസിലിറ്റേഷൻ കേന്ദ്രത്തിലും തൊഴിൽവകുപ്പ് രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകൾ, ക്ഷേമ ബോർഡുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലും രജിസ്‌ട്രേഷൻ ക്യാംപുകൾ നടന്നുവരികയാണ്.
കൂടാതെ, മുഴുവൻ അംഗൻവാടി പ്രവർത്തകരുടെയും രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അംഗൻവാടി പ്രവർത്തകരെ പദ്ധതിയിൽ ചേർക്കുന്നതിന് ജില്ലാ വനിതാ ശിശു വികസന ഓഫിസിൽ നടന്ന സിഡിപിഒമാർക്കുള്ള പരിശീലന പരിപാടി ചിയാക് ജില്ലാ പ്രോജക്‌ട് മാനേജർ അജാസ് ഉൽഘാടനം ചെയ്‌തു.
Also Read: ‘തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ല’; അനുപമ