തമിഴകത്ത് വിജയ് തരംഗം; കേവല ഭൂരിപക്ഷത്തിന് ഇനിയും വേണം 11 പേർ, നീക്കം എന്ത്?

നിലവിൽ ഡിഎംകെയുമായി സഖ്യത്തിലുള്ള കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചേക്കുമെന്നാണ് ടിവികെയുടെ ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.

By Senior Reporter, Malabar News
Actor Vijay    

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ സ്‌റ്റാലിൻ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ഉദിച്ചുയർന്നത്. കന്നിയങ്കത്തിൽ തന്നെ 234 അംഗ നിയമസഭയിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം തികയ്‌ക്കാൻ 11 എംഎൽഎമാരുടെ പിന്തുണ ഇനിയും വേണം.

118 എന്ന വിജയസംഖ്യ ലഭിക്കാൻ വിജയ്‌യും ടിവികെയും എന്ത് ചെയ്യുമെന്നാണ് തമിഴക രാഷ്‌ട്രീയം ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തിൽ ചെറിയ പാർട്ടികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് വിജയ് നീക്കം നടത്തുന്നത്.

നിലവിൽ ഡിഎംകെയുമായി സഖ്യത്തിലുള്ള കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചേക്കുമെന്നാണ് ടിവികെയുടെ ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് ഇക്കുറി അഞ്ച് സീറ്റിലാണ് വിജയിച്ചത്. സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ ജയിച്ചതാകട്ടെ രണ്ട് സീറ്റുകളിൽ വീതമാണ്.

എന്നാൽ, ഡിഎംകെ സഖ്യത്തിൽ നിന്നുള്ള പാർട്ടികൾ ടിവികെയെ പിന്തുണയ്‌ക്കുന്ന പക്ഷം സഖ്യത്തിൽ വിള്ളൽ ഉണ്ടാകുമെന്നതും ഉറപ്പാണ്. അതേസമയം, എഐഡിഎംകെയുമായി ഏതെങ്കിലും വിധത്തിൽ നേരിട്ടുള്ള സഖ്യത്തിന് വിജയ് മുതിരാനുള്ള സാധ്യത വിരളമാണ്. കാരണം, അവരുടെ ബിജെപി ബന്ധമാണ്. ടിവികെയുടെ ആശയപരമായ എതിരാളിയെന്നാണ് വിജയ് ബിജെപിയെ വിശേഷിപ്പിച്ചിട്ടുള്ളത്.

അതിനാൽത്തന്നെ ബിജെപിയുമായി സഖ്യത്തിലുള്ള എഐഡിഎംകെയുമായി കൈകോർക്കാൻ വിജയ് തയ്യാറാകില്ല. സഖ്യത്തെക്കുറിച്ചും മറ്റു പാർട്ടികളിൽ നിന്ന് പിന്തുണ സ്വീകരിക്കുന്നതിനെ കുറിച്ചും പാർട്ടി ഹൈക്കമാൻഡ് തീരുമാനം കൈക്കൊള്ളുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി കസേരയിലേക്ക്?

Suvendu Adhikari
സുവേന്ദു അധികാരി, മമത ബാനർജി

15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് അന്ത്യം കുറച്ചുകൊണ്ടാണ് ബംഗാളിൽ ബിജെപി ചരിത്ര വിജയം നേടിയത്. തിങ്കളാഴ്‌ച നടന്ന വോട്ടെണ്ണലിൽ 293 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ബംഗാളിൽ ആദ്യമായി അധികാരമുറപ്പിച്ചത്.

തൃണമൂൽ കോൺഗ്രസിന് കേവലം 81 സീറ്റുകൾ മാത്രമാണ് നേടാനായത്. മമത ബാനർജിയെ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകാനാണ് സാധ്യത കൂടുതൽ.

ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു മമതയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിന് പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയിച്ചു. മമതയെ അവരുടെ തട്ടകത്തിൽ തന്നെ വീഴ്‌ത്തിയതിന് സുവേന്ദുവിന് മുഖ്യമന്ത്രി പദം തന്നെ നൽകിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, പാർട്ടി സംസ്‌ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, പാർട്ടി വൈസ് പ്രസിഡണ്ട് അഗ്നിമിത്ര പോൾ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നുകേൾക്കുന്നുണ്ട്.

അസൻസോൾ ദക്ഷിണിൽ നിന്നും വിജയിച്ച അഗ്നിമിത്ര പോൾ, പാർട്ടി ഒരു വനിതാ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നതെങ്കിൽ പ്രധാന പരിഗണന ലഭിക്കാൻ സാധ്യതയുള്ള നേതാവ. സമിക് ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ് പാർട്ടി ബംഗാളിൽ ആദ്യ വിജയം നേടിയത് എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE