ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും

By Banu Isahak, Official Reporter
  • Follow author on
Jai Bhim Controversy

മദ്രാസ് ഹൈക്കോടതി റിട്ട.ജസ്‌റ്റിസ്‌ കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ ഒരുക്കിയ ചിത്രം ‘ജയ് ഭീം2021ൽ പുറത്തിറങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക, രാഷ്‌ട്രീയ, തമിഴ് സിനിമകളിൽ ഒന്നായാണ് നിരൂപകർ കണക്കാക്കുന്നത്. ജനിച്ച നാട്ടിൽ മനുഷ്യരായി പോലും അംഗീകരിക്കപ്പെടാത്ത ഒരു വിഭാഗത്തിന്റെ പോരാട്ടത്തിന്റെ കഥയായിരുന്നു ജയ് ഭീം.

 

വെട്രിമാരൻ സംവിധാനം ചെയ്‌ത ദേശീയ പുരസ്‌കാരത്തിന് അർഹത നേടിയ ‘വിസാരണയ്‌ക്കും’ മാരി സെൽവരാജിന്റെ ‘കർണനും’ ശേഷം ജാതി വിവേചനം പ്രമേയമാക്കിയ ജയ് ഭീം ഏറെ അഭിനന്ദനങ്ങൾ നേടിയിരുന്നു. 1993ലെ ഒരു യഥാർഥ സംഭവവും തുടർന്നുള്ള നിയമപോരാട്ടവുമാണ് ജയ് ഭീമിന്റെ ഇതിവൃത്തം. ഇരുളർ ഗോത്രത്തിൽ പെട്ട ദമ്പതികളായ സെങ്കിണി (ലിജോമോൾ), രാജാകണ്ണ് (മണികണ്‌ഠൻ) എന്നിവരുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് ജയിലിൽ അടക്കുകയും അവിടെ പോലീസിന്റെ ക്രൂരതക്ക് ഇരയാവുകയും ചെയ്യുന്ന രാജാകണ്ണ് കസ്‌റ്റഡിയിൽ ഇരിക്കെ മർദ്ദനമേറ്റ് മരിക്കുന്നു.

അഭിഭാഷകനായ ചന്ദ്രുവിന്റെ സഹായത്തോടെ സത്യത്തിനും നീതിക്കും വേണ്ടി പൂർണ ഗർഭിണിയായ സെങ്കിണി നടത്തുന്ന പോരാട്ടവും സത്യം മറച്ചുവെക്കാൻ പോലീസ് സ്വീകരിക്കുന്ന ക്രൂര നടപടികളിലൂടെയുമാണ് സിനിമ പിന്നീട് കടന്നുപോകുന്നത്.

why are upper cast offended by suryas film

അഡ്വ.ചന്ദ്രുവായി എത്തുന്ന സൂര്യ ആദിവാസി വിഭാഗത്തിൽ പെട്ട ഒരു ഗോത്രത്തിനെതിരായി രാഷ്‌ട്രീയവും പോലീസും നടത്തുന്ന അനീതികളെ കോടതിമുറിയിൽ പ്രതിക്കൂട്ടിൽ കയറ്റി ചോദ്യം ചെയ്യുന്നു. ദളിത് രാഷ്‌ട്രീയത്തിനും ദ്രാവിഡ രാഷ്‌ട്രീയത്തിനും ശേഷം ശക്‌തമായ ഇടതുരാഷ്‌ട്രീയവും സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ ഫീസ് വാങ്ങാതെ കേസ് ഏറ്റെടുത്ത് പോരാടുന്ന അഡ്വ.ചന്ദ്രുവിന്റെ വേഷം സൂര്യ വളരെ ഗംഭീരമാക്കി.

ഇങ്ങനെ പരക്കെ പ്രശംസകൾ തേടിയെത്തിയപ്പോഴും മറുവശത്ത് രാഷ്‌ട്രീയ പാർട്ടികളും മറ്റ് സമുദായങ്ങളും ഉൾപ്പെടുന്ന വിവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് നിലവിൽ ‘ജയ് ഭീം’.

Jaibhim Controversy

വണ്ണിയാർ സമുദായത്തിന്റെ ഭീഷണി

നടൻ സൂര്യ ശിവകുമാറിന്റെ ചെന്നൈ ടി നഗറിലെ വസതിയിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. തമിഴ് വംശത്തിലെ ഇടനിലക്കാരും പ്രബല ജാതി വിഭാഗവുമായ വണ്ണിയകുല ക്ഷത്രിയർക്ക് വേണ്ടിയുള്ള ജാതി ഗ്രൂപ്പായ വണ്ണിയാർ സംഘത്തിന്റെ ഭീഷണിയെ തുടർന്നായിരുന്നു നടപടി. സിനിമയിലൂടെ തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ജയ് ഭീമിന്റെ നിർമാതാവ് കൂടിയായ സൂര്യയ്‌ക്ക് വക്കീൽ നോട്ടീസും അയച്ചിരുന്നു.

ഇതിന് ഒരു ദിവസം മുൻപ് മയിലാടുംതുറൈയിലെ പട്ടാളി മക്കൾ കച്ചി (പിഎംകെ- വണ്ണിയാർക്ക് വേണ്ടിയുള്ള രാഷ്‌ട്രീയ പാർട്ടി) പ്രവർത്തകർ ഒരു തിയേറ്ററിൽ അതിക്രമിച്ച് കയറുകയും ജയ് ഭീം പ്രദർശനം ബലമായി തടയുകയും ചെയ്‌തു. ജില്ലയിൽ എത്തുമ്പോൾ സൂര്യയെ ആക്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പിഎംകെയുടെ ജില്ലാ സെക്രട്ടറി പനീർശെൽവം വാഗ്‌ദാനം ചെയ്‌തത്‌. തങ്ങളെ മോശമായ രീതിയിലാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വണ്ണിയാർ സംഘം പറയുന്നത്.

Jaibhim Controversy _ Vanniyar Samuthayam
വണ്ണിയാർ സമുദായത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്‌നം

‘വണ്ണിയാരെ മോശമായി ചിത്രീകരിച്ച് ജയ് ഭീം’

വണ്ണിയാർ സമുദായത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് ജയ് ഭീമിനെതിരെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പിഎംകെ അധ്യക്ഷൻ ഡോ.അൻപുമണി രാമദോസ് നിർമാതാവ് സൂര്യയ്‌ക്ക് ബുധനാഴ്‌ച ഒരു കത്ത് എഴുതിയിരുന്നു.

അടിച്ചമർത്തൽ അംഗീകരിക്കാനാകില്ലെന്നും അതിനെതിരെ എല്ലാവരും ഒരുമിച്ച് നിന്ന് പൊരുത്തണമെന്നും കത്തിലൂടെ അൻപുമണി ആഹ്വാനം ചെയ്‌തു. സിനിമയിൽ ഒരു ക്രൂരനായ ഉദ്യോഗസ്‌ഥനെ പ്രതിനിധാനം ചെയ്‌തതിലൂടെ വണ്ണിയാർ സമുദായത്തെ അപമാനിച്ചിരിക്കുന്നു. ഇരുളർ വിഭാഗത്തിൽ പെട്ട രാജാകണ്ണിനെ മർദ്ദിക്കുന്ന പോലീസുകാരന്റെ വീട്ടിൽ തൂക്കിയിരിക്കുന്ന കലണ്ടറിൽ വണ്ണിയാരുടെ പ്രതീകമായ അഗ്‌നികുണ്ടം അച്ചടിച്ചിരിക്കുന്നത് സിനിമയിലെ ഒരു രംഗത്ത് വ്യക്‌തമായി കാണാം. അന്തരിച്ച പി‌എം‌കെ നേതാവ് ജെ ഗുരുവിനെ ഓർമ്മിപ്പിച്ചാണ് കുറ്റാരോപിതനായ സബ് ഇൻസ്‌പെക്‌ടറെ ഗുരുമൂർത്തി എന്ന് വിളിച്ചതെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

why are upper cast offended by suryas film

സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും യഥാർഥ പേരുകൾ നൽകിയപ്പോൾ ഇരുളർ സമുദായത്തിൽ പെട്ടയാളെ ക്രൂരമായി കൊലപ്പെടുത്തിയ ഇൻസ്‌പെക്‌ടറുടെ പേര് ഗുരുമൂർത്തി എന്നാക്കി മാറ്റുകയായിരുന്നു എന്നും പിഎംകെ നേതാവ് പറയുന്നു. യഥാർഥ കേസിലെ ഉദ്യോഗസ്‌ഥന്റെ പേര് ആന്റണി സാമി എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വണ്ണിയാർ സമുദായത്തെ അവഹേളിക്കുന്ന തരത്തിൽ നിരവധി സിനിമകൾ നിർമിക്കപ്പെടുന്നുണ്ടെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ല ഒരു പ്രത്യേക സമുദായത്തോടുള്ള വെറുപ്പാണെന്നും പിഎംകെ നേതാവ് ആരോപിച്ചു.

സബ് ഇൻസ്‌പെക്‌ടറായ പോലീസുകാരനെ വണ്ണിയാറായി കാണിച്ചതിനാൽ ജയ് ഭീം വണ്ണിയാരെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും അൻപുമണി രാമദോസ് അവകാശപ്പെട്ടു.

why are upper caste offended by suryas film

തുടർന്ന്, ജയ് ഭീം നിർമാതാക്കൾ വണ്ണിയാർ സമുദായത്തോട് നിരുപാധികം മാപ്പ് പറയണമെന്നും സമൂഹത്തിൽ അപകീർത്തി വരുത്തിയതിന് വക്കീൽ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അഞ്ച് കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉൾപ്പെട്ടത് ആരാണെങ്കിലും ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ അത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നും അൻപുമണി ആഹ്വാനം ചെയ്‌തു.

സൂര്യയുടെ പ്രതികരണം

അൻപുമണിയുടെ കത്ത് ലഭിച്ച് കൃത്യം ഒരു ദിവസത്തിന് ശേഷം ഒരു വ്യക്‌തിയെയോ സമൂഹത്തെയോ അപമാനിക്കാൻ തനിക്കോ തന്റെ സിനിമ യൂണിറ്റിനോ ഉദ്ദേശമില്ലെന്ന് സ്‌ഥിരീകരിച്ച് സൂര്യ രംഗത്തെത്തി. റിട്ട.ജസ്‌റ്റിസ്‌ ചന്ദ്രു വാദിച്ച കേസിൽ നീതി ലഭിക്കാൻ അധികാരികൾക്കെതിരെ നിയമപോരാട്ടം എങ്ങനെ നടത്തി എന്നതാണ് ജയ് ഭീമിന്റെ പ്രമേയം. തദ്ദേശവാസികൾ അവരുടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാനും ഞങ്ങൾ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്; സൂര്യ പറയുന്നു.

why are upper cast offended by suryas film

സിനിമ ഒരു ഡോക്യുമെന്ററിയല്ലെന്നും സൃഷ്‌ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഒരു സമുദായത്തെയും അപമാനിക്കാനുള്ള അവകാശം ആർക്കും നൽകിയിട്ടില്ലെന്നുമുള്ള ഡോ. അൻപുമണി രാമദോസിന്റെ പ്രസ്‌താവനയോട് യോജിക്കുന്നതായും സൂര്യ വിശദീകരിച്ചു. അതേ മനോഭാവത്തിൽ, സൃഷ്‌ടിപരമായ സ്വാതന്ത്ര്യം ‘ഭീഷണികളിൽ’ നിന്ന് സംരക്ഷിക്കപ്പെടണമെന്നത് നിങ്ങളും അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും സൂര്യ പ്രതികരിച്ചു. പബ്‌ളിസിറ്റിക്ക് വേണ്ടി ആരെയും അപമാനിക്കേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ സൂര്യയ്‌ക്കൊപ്പം; വൈറലായി ട്വീറ്റ്

അതേസമയം, സൂര്യയ്‌ക്കും ജയ് ഭീം സംവിധായകനും വൻ പിന്തുണയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നുൾപ്പെടെ ലഭിക്കുന്നത്. ‘നിലവിലെ സാമൂഹിക സ്‌ഥിതി മാറരുത് എന്ന് ആഗ്രഹിക്കുന്നവരിൽ ഈ സിനിമ അസ്വസ്‌ഥത ഉണ്ടാക്കുന്നത് സ്വാഭാവികമാണ്’; അസുരൻ, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വെട്രിമാരൻ ട്വിറ്ററിൽ കുറിച്ചു. #westandwithsurya എന്ന ഹാഷ്‌ടാഗും അദ്ദേഹം പങ്കുവെച്ചു.

ജയ് ഭീം സിനിമയെ ചൊല്ലി സൂര്യയെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് നവംബർ 15ന് പിഎംകെ നേതാവിന് കത്തയച്ചിരുന്നു. സിനിമയിൽ നിന്ന് വണ്ണിയാർ വിഭാഗത്തിന്റേതെന്ന് പറയപ്പെടുന്ന ഒരു ചിഹ്‌നം ഒഴിവാക്കണെമെന്ന ആവശ്യം സൂര്യ അംഗീകരിച്ചതായും ചേംബർ പ്രസിഡണ്ട് കത്രഗദ്ദ പ്രസാദ് അൻപുമണി രാമദോസിന് അയച്ച കത്തിൽ വ്യക്‌തമാക്കി.

jai bhim controversy

‘ഞങ്ങൾ കമലാഹാസനൊപ്പം നിന്നു, വിജയ്‌ക്കൊപ്പം നിന്നു, ഇപ്പോൾ സൂര്യയ്‌ക്കൊപ്പവും. അഭിപ്രായ വ്യത്യാസങ്ങളുടെയോ വ്യക്‌തിവൈരാഗ്യത്തിന്റെയോ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതും കലാസൃഷ്‌ടിയുടെ പ്രദർശനത്തെ തടസപ്പെടുത്തുന്നതും ഭീരുത്വമാണെന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഞങ്ങൾ പ്രതിനിധാനം ചെയ്യുന്നു’; നടൻ സിദ്ധാർഥ് ട്വീറ്റ് ചെയ്‌തു.

തമിഴ്‌നാട്ടിൽ ജാതി വിവേചനത്തിനെതിരെ സജീവമായി പോരാടുന്ന സാമൂഹിക പ്രസ്‌താനവും രാഷ്‌ട്രീയ പാർട്ടിയുമായി വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) സ്‌ഥാപകൻ തോൽ തിരുമാവളവൻ ചിത്രത്തെ അഭിനന്ദിച്ചു. തമിഴ്‌നാട്ടിൽ ന്യൂനപക്ഷമായ ആദിവാസികൾക്ക് വേണ്ടി വിസികെ തുടർച്ചയായി പോരാടുന്നതിൽ സന്തോഷമുണ്ടെന്ന് സൂര്യ തോൽ തിരുമാവളവനെ അറിയിക്കുകയും ചെയ്‌തു.

ആദിവാസികൾ നേരിടുന്ന ദീർഘകാല പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അടിയന്തര നടപടി സ്വീകരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുകയും അവരെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നത് കലയിലൂടെ മാത്രമേ സാധ്യമാകൂ. ഇതാണ് ജയ് ഭീം ശ്രദ്ധിക്കപ്പെടാൻ കാരണവും. സർക്കാരിനും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾക്കും മാത്രമേ യഥാർഥ സാമൂഹിക മാറ്റം സൃഷ്‌ടിക്കാൻ കഴിയൂ എന്ന് വിസികെ നേതാവ് പ്രതികരിച്ചു.

why are upper cast offended by suryas film

ജയ് ഭീം കണ്ടതിന് പിന്നാലെ ഇരുള സമുദായങ്ങൾക്കായി പ്രത്യേക സഹായ പദ്ധതികളാണ് തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രഖ്യാപിച്ചത്. ദീപാവലി ആഘോഷം പോലും നരിക്കുറവ, ഇരുള സമുദായ അംഗങ്ങൾക്കൊപ്പമാണ് മുഖ്യമന്ത്രി ആഘോഷിച്ചത്. മാമലപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ 81 കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖകൾ ലഭിച്ചു. കോളനിയിൽ അംഗനവാടിയും പഞ്ചായത്ത് സ്‌കൂളും നിർമിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്‌തു. ഇത് കൂടാതെ, ജയ് ഭീം നിർമാതാക്കളായ സൂര്യയും ജ്യോതികയും ചേർന്ന് ഇരുളർ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള പഠന സഹായമായി മുഖ്യമന്ത്രിക്ക് ഒരു കോടി രൂപയും കൈമാറിയിരുന്നു.

ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്. പാർവതി അമ്മാളിനെ നേരിൽ കണ്ട് 15 ലക്ഷം രൂപയുടെ ചെക്കും സൂര്യ കൈമാറി.

why are upper cast offended by suryas film
പാർവതി അമ്മാൾ, സൂര്യ

Also Read: ‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE