കൊല്ലം: സംസ്ഥാനത്ത് ചൂട് കൂടുന്നു. പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോൾ ആണ് ശരീരത്തിൽ സൂര്യാഘാതമേറ്റ പാടുകൾ ദിനേശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ദിനേശനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശമാണ് പുനലൂർ. 38.7 ഡിഗ്രി ചൂടാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. സംസ്ഥാനം കടന്ന് പോകുന്നത് ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് എന്നാണ് വിദഗ്ധർ പറയുന്നത്.
സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്ന് താപനില സാധാരണയിൽ നിന്ന് രണ്ട് മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇതേ ജില്ലകളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Read Also: വ്യക്തികൾക്ക് എതിരായ ആക്രമണം കോൺഗ്രസ് രീതിയല്ല; ഉമ്മൻ ചാണ്ടി






































