കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്. കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ രണ്ട് വീടുകളിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. തുടർന്ന് വീടുകളിൽ നിന്ന് അരിയും തക്കാളിയും വാങ്ങികൊണ്ടുപോയതായാണ് വിവരം. കഴിഞ്ഞ 16ന് രാത്രിയാണ് മാവോയിസ്റ്റ് സംഘം വീടുകളിൽ എത്തിയത്.
വട്ടച്ചിറ ആദിവാസി കോളനിയിൽ വനത്തോട് ചേർന്നുള്ള നീരാറ്റുകുന്ന് ഭാഗത്ത് താമസിക്കുന്ന ബാബു, സുരേഷ് എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അതേസമയം 16ന് രാത്രി ഏഴിന് ബാബുവിന്റെ വീട്ടിലും ഒമ്പതിന് സുരേഷിന്റെ വീട്ടിലുമാണ് സംഘം എത്തിയതെന്നും ഭയം മൂലമാണ് പുറത്ത് പറയാതിരുന്നതെന്നും കോളനി വാസികൾ പറഞ്ഞു. മാവോയിസ്റ്റുകളാണെന്ന് സ്വയം പരിചയപെടുത്തിയ ഇവർ കുടിവെള്ള പ്രശ്നം ഉൾപ്പടെയുള്ള വിവിധ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞതായും കോളനി വാസികൾ പറഞ്ഞു.
അതേസമയം പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോട്ടോ കാണിച്ചതിൽ നിന്ന് ജയണ്ണ, കോട്ട ഹോണ്ട രവി, സന്തോഷ് എന്നിവരാണ് മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഈ മേഖലയിൽ ഇതിന് മുൻപും മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read Also: ഭക്ഷണം പാഴ്സൽ നൽകുന്നതിനെ ചൊല്ലി തർക്കം; അതിഥി തൊഴിലാളിയ്ക്ക് ക്രൂരമർദ്ദനം



































