മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്‌ഥാനം നൽകുമോയെന്ന ചർച്ചകൾക്കിടെ നിലപാട് വ്യക്‌തമാക്കി യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ഉപമുഖ്യമന്ത്രി സ്‌ഥാനത്തിന് ലീഗിന് അർഹതയുണ്ടെന്നും എന്നാൽ, ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുൻപ് സിഎച്ച്.മുഹമ്മദ് കോയ സാഹിബും അവുഖാദർ കുട്ടി നഹ സാഹിബും ഈ പദവി വഹിച്ചിട്ടുള്ളതിനാൽ ലീഗിന് ഇതിന് ചരിത്രപരമായ അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, നിലവിൽ ഈ പദവി ഒരു അവകാശവാദമായി ഉന്നയിക്കാനോ അതിനായി ചർച്ചകൾ നടത്താനോ ലീഗ് ഉദ്ദേശിക്കുന്നില്ല. ഭാവിയിൽ ചർച്ചകൾ വരുമ്പോൾ അക്കാര്യം പരിഗണിക്കാമെന്നും തങ്ങൾ സൂചിപ്പിച്ചു.
കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രി സ്‌ഥാനവും ലീഗിന് നൽകാൻ ഡീൽ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ, രാജീവ് ചന്ദ്രശേഖർ രാഷ്‌ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഇതിൽ വ്യക്‌തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ ലീഗ് നേതൃത്വം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ലെന്നും നേരത്തെ പികെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































