ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനം രാജിവച്ചതിന് ശേഷം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന ജഗ്‌ദീപ് ധൻകർ ഔദ്യോഗിക വസതിയിൽ നിന്ന് താമസം മാറ്റി. ഡെൽഹിയിലെ സ്വകാര്യ ഫാം ഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയത്. മുൻ ഉപരാഷ്‌ട്രപതിയെന്ന നിലയിൽ ഔദ്യോഗിക വസതി ലഭിക്കുന്നതുവരെ ധൻകർ ഇവിടെ താമസിക്കും.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 21നാണ് ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതി സ്‌ഥാനം രാജിവെച്ചത്. അതിനുശേഷം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഈ നടപടി നിരവധി ഊഹാപോഹങ്ങൾക്കും രാഷ്‌ട്രീയ ആരോപണങ്ങൾക്കും വഴിയൊരുക്കിയിരുന്നു.
21ന് വൈകീട്ടുവരെ രാജ്യസഭയിലെ അധ്യക്ഷക്കസേരയിൽ സജീവമായിരുന്ന ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ രാത്രി 9.25ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യകാരണങ്ങൾ മൂലമാണ് രാജിയെന്ന് പറയുമ്പോഴും, പിന്നിൽ രാഷ്‌ട്രീയ കാരണങ്ങളുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു. ബംഗാൾ ഗവർണറായിരിക്കെ 2022ൽ ഉപരാഷ്‌ട്രപതിയായ ധൻകർ, പദവിയിൽ രണ്ടുവർഷം ബാക്കിനിൽക്കേയാണ് രാജിവെച്ചത്.
തങ്ങളുമായി നിരന്തരം കൊമ്പുകോർത്തിട്ട് ജഗ്‌ദീപ് ധൻകറിനെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ കത്ത് നൽകുന്ന അസാധാരണ നീക്കത്തിനും നേരത്തെ രാജ്യസഭ സാക്ഷിയായിരുന്നു. ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും തങ്ങൾ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം








































