തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന്റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്‌ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി സസ്‌പെൻഡ് ചെയ്‌തത്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്‌ഥരുടെ മനോവീര്യം തകർത്തെന്നുമാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് അബ്‌ദുൽ സത്താറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ഇദ്ദേഹം നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കുന്നതിനിടെയുണ്ടായ അനുഭവങ്ങളാണ് മാദ്ധ്യമങ്ങളോട് പങ്കുവെച്ചത്.
അതേസമയം, ഗോവിന്ദച്ചാമി ജയിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുലർച്ചെ 1.15നാണ് ജയിൽ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടയിരുന്നു ജയിൽ ചാടാനുള്ള ശ്രമം. പിന്നീട് സെല്ലിലെ താഴ്ഭാഗത്തെ കമ്പി അറുത്ത് മാറ്റിയ ശേഷം ആ വിടവിലൂടെ ഇഴഞ്ഞാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്.
പിന്നീട് പത്താം ബ്ളോക്കിന്റെ മതിൽ ചാടിക്കടന്നു. ശേഷം വലിയ മതിലായ പുറം മതിൽ ചാടികടക്കുകയായിരുന്നു. അപ്പോഴേക്കും സമയം നാലുമണി കഴിഞ്ഞിരുന്നു. സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്‌ഥരെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്‌ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി