ന്യൂഡെൽഹി: യുഎസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ. യുഎസുമായി ഇന്ത്യ കൂടുതൽ ചർച്ചകൾ നടത്തുകയാണെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ട്രംപും മോദിയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
80ആംമത് യുഎൻ ജനറൽ അസംബ്ളിയിൽ പങ്കെടുക്കാൻ ഈമാസം ന്യൂയോർക്കിലേക്ക് പോകാനിരിക്കെയാണ് ജയശങ്കർ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വ്യക്‌തത വരുത്തിയത്. മഞ്ഞുരുക്കത്തിനുള്ള സാധ്യത വർധിച്ചതോടെ മോദിയും ട്രംപും തമ്മിൽ ഫോണിലൂടെ സംസാരിക്കുമെന്നും സൂചനയുണ്ട്.
ഇതോടെ യുഎൻ ജനറൽ അസംബ്ളിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ത്യൻ സംഘത്തെ നയിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്‌ഥിരീകരണം നടത്തിയിട്ടില്ല.
അതേസമയം, ഇന്ത്യ-പാസ്‌ഥാസ്ഥാൻ വെടിനിർത്തൽ കരാറിനെ കുറിച്ചുള്ള പ്രസ്‌താവനകളിൽ ട്രംപ് ഉറച്ചുനിൽക്കുന്നതാണ് ഇന്ത്യക്ക് ഇപ്പോഴും തലവേദന സൃഷ്‌ടിക്കുന്നത്. വെടിനിർത്തൽ അവകാശവാദങ്ങളിൽ നിന്ന് ട്രംപ് ഇതുവരെ പിൻമാറാത്തതും തീരുവ തർക്കവും ഇരുരാജ്യങ്ങൾക്കിടയിലെ പ്രശ്‌നങ്ങളായി തുടരുകയാണ്.
അതിനാൽ തന്നെ യുഎസിന്റെ ഓരോ നീക്കവും വളരെ സൂക്ഷ്‌മതയോടെയാണ് ഇന്ത്യ വിലയിരുത്തുന്നത്. എസ്‌സിഒ ഉച്ചകോടിക്ക് പിന്നാലെ യുഎസുമായുള്ള ബന്ധം പരസ്‌പര ബഹുമാനത്തിന്റെ അടിസ്‌ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥർ വ്യാപാര വിഷയങ്ങളിൽ ഇന്ത്യക്കെതിരെ നടത്തുന്ന പ്രകോപനമായ പരാമർശങ്ങൾ ഈ നീക്കത്തിന് വിഘാതമാകുന്നതായാണ് സൂചന.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം








































