ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ ഔദ്യോഗിക സംസ്കാര ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് സിയയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജയശങ്കർ ബംഗ്ളാദേശിലേക്ക് പോകുന്നത്.
ബംഗ്ളാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഖാലിദ സിയ. ബുധനാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ബംഗ്ളാദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ളാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷ കൂടിയായിരുന്ന ഖാലിദ സിയ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെ ധാക്കയിലെ ഇവർകെയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 80-കാരിയായ ഖാലിദ ഏറെനാളായി ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിൽസയിൽ ആയിരുന്നു. സംസ്കാര പ്രാർഥന ബുധനാഴ്ച ഉച്ചകഴിഞ്ഞു ധാക്കയിലെ നാഷണൽ പാർലമെന്റിന്റെ സൗത്ത് പ്ളാസയിൽ നടക്കും.
ശേഷം ബംഗ്ളാദേശിന്റെ മുൻ പ്രസിഡണ്ടും ഭർത്താവുമായിരുന്ന സിയാവുർ റഹ്മാന്റെ ശവകുടീരത്തിന് സമീപം സിയാ ഉദ്യാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. 1991ൽ പാർലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് ബംഗ്ളാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു.
1996ലും 1999ലും ബംഗ്ളാദേശിന്റെ പ്രധാനമന്ത്രിയായി. നാല് പാർട്ടികളുടെ സഖ്യം നയിച്ച് അവർ 2001 മുതൽ 2006 വരെ രണ്ടാമതും അധികാരത്തിലെത്തി. പിന്നീട് വിവിധ കേസുകളിൽപെട്ട് ജയിലിലായ അവർ 2024ൽ ഹസീനയുടെ പതനത്തെ തുടർന്നാണ് തടവിൽ നിന്ന് മോചിതയായത്. 2025ന്റെ തുടക്കത്തിൽ ബാക്കിയുള്ള അഴിമതി കേസുകളിൽ നിന്ന് കുറ്റവിമുക്തയായി.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































