ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ അതിർത്തി കടന്നെത്തിയ ഭീകരരെന്ന് വിവരം. മൂന്ന് ഭീകരരാണ് അതിർത്തി കടന്നെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്. സൈന്യത്തിന്റെ കമാൻഡോ സംഘം വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സൈനികരെ കൂടാതെ ഒരു പോലീസ് ഉദ്യോഗസ്‌ഥനും ജീവൻ നഷ്‌ടമായി. ഏറ്റുമുട്ടലിൽ അഞ്ചു സൈനികർക്കും പരിക്കേറ്റിരുന്നു. കത്വയിലെ മച്ചേഡി- കുണ്ട്‌ലി- മൽഹാർ റോഡിലായിരുന്നു ആക്രമണം. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ ആദ്യം നാല് സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ടു ദിവസത്തിനിടെ ജമ്മു കശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്‌ച രജൗറിയിലുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.
സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഒരു മാസത്തിൽ മാസത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളും വാഗ്‌ദാനങ്ങളുമല്ല ശക്‌തമായ നടപടികളാണ് പരിഹാരമെന്നും രാഹുൽ പറഞ്ഞു. ജമ്മു കശ്‌മീരിൽ സ്‌ഥിതി നാൾക്കുനാൾ മോശമാവുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആരോപിച്ചു.
Most Read| വിഴിഞ്ഞം തുറമുഖ ഉൽഘാടനം; പൊതുജനങ്ങൾക്ക് നേരിട്ട് കാണാം, കേന്ദ്രമന്ത്രി എത്തും