ബിഹാര്‍: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുറച്ച് റാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്‌തി പാര്‍ട്ടി (എല്‍ജെപി). നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ജെപി സ്‌ഥാനാർഥികളെ നിര്‍ത്തും. എന്നാല്‍ ബിജെപിക്കെതിരെ സ്‌ഥാനാർഥികളെ നിര്‍ത്തില്ലെന്നും ബിജെപി മുഖ്യമന്ത്രിയാണ് ഭരണത്തില്‍ വരുന്നതെങ്കില്‍ പിന്തുണക്കുമെന്നും എല്‍ജെപി വ്യക്തമാക്കി.
ബിഹാറിലെ മഹാസഖ്യം ഇന്നലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. അതിനു പിന്നാലെ എന്‍ഡിഎയിലും സീറ്റ് ധാരണയായിരുന്നു. റാം വിലാസ് പാസ്വാന്റെ പാര്‍ട്ടിക്കുള്ള സീറ്റുകള്‍ ബിജെപിയുടെ അക്കൗണ്ടില്‍ നിന്നും നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാന്‍ ആവില്ലെന്നാണ് എല്‍ജെപി നിലപാട്.
എല്‍ജെപിയുടെ നിലപാടില്‍ ശക്‌തമായ പ്രതിഷേധമാണ് എന്‍ഡിഎ ഉയര്‍ത്തിയിരിക്കുന്നത്. നിതീഷ് കുമാറിന്റെ ജെഡിയുവിന് എതിരെ മത്സരിക്കരുതെന്ന് ബിജെപി, ലോക് ജന്‍ശക്‌തി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ റാം വിലാസ് പാസ്വാന്റെ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നും മുന്നണി നേതൃത്വം വ്യക്തമാക്കി. അതെ സമയം എല്‍ജെപി ജനാധിപത്യ മര്യാദ പാലിക്കുന്നില്ലെന്ന് ജെഡിയു പ്രതികരിച്ചു.
Related news: ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി