റാഞ്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 74 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ജാർഖണ്ഡിന് പുതിയ മുദ്ര അവതരിപ്പിച്ച് ഗവർണർ ദ്രൗപതി മാർമു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സാന്നിധ്യത്തിലാണ് മുദ്ര ഔദ്യോഗികമായി പുറത്തുവിട്ടത്.
ആര്യഭട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇവരെക്കൂടാതെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം ) നേതാവ് ഷിബു സോറൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പങ്കെടുത്തു.
പുതിയ മുദ്ര സംസ്ഥാനത്തിന്റെ സവിശേഷമായ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്നതാണ്. പച്ച നിറത്തിനൊപ്പം അവരുടെ പ്രാദേശിക ഗോത്രസംസ്കാരത്തെ കൂടി ഉൾകൊള്ളുന്നതാണ് മുദ്ര. അശോക് ചക്രത്തിനു ചുറ്റും സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമായ മോട്ടിഫും , കാടിന്റെ പ്രതീകമായ പാലാശ് പുഷ്പങ്ങളും, ഒപ്പം ആനകളെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ശക്തിയെയും മഹത്തായ ചരിത്രത്തെയും സൂചിപ്പിക്കുന്നതാണ് ആനയുടെ സാന്നിധ്യം, ഒപ്പം പാലാശ് പുഷ്പങ്ങൾ പ്രകൃതി സൗന്ദര്യത്തെ അടയാളപ്പെടുത്തുവാനും. ഔദ്യോഗിക പ്രകാശനത്തിന് മുൻപ് ഇന്നലെ തന്നെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വിറ്ററിലൂടെ മുദ്ര പുറത്തുവിട്ടിരുന്നു.







































