അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്കു ജാമ്യം ലഭിച്ചു. ജിഗ്‌നേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ കോടതി ഇന്നലെ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച രാത്രി 11.30നാണ് പാലംപുരിൽ നിന്ന് ജിഗ്‌നേഷിനെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് അഹമ്മദാബാദിലെത്തിച്ച് അവിടെ നിന്ന് പുലർച്ചെ വിമാനത്തിൽ അസമിലെത്തിച്ചു.
ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്‌തതിനാണ് ജിഗ്‌നേഷിനെ അറസ്‌റ്റ് ചെയ്‌തത്. ട്വീറ്റുകൾക്കെതിരെ അസമിലെ ബിജെപി നേതാവ് അരൂപ് കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. ഗൂഢാലോചന, സമൂഹത്തിൽ സ്‌പർധ വളർത്തൽ, സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ അദ്ദേഹത്തിനെതിരെ ചുമത്തുകയും ചെയ്‌തിരുന്നു. കൂടാതെ ജിഗ്‌നേഷിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്യുകയും ചെയ്‌തു.
ബിജെപിയും ആർഎസ്എസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ജിഗ്‌നേഷ് വ്യക്‌തമാക്കിയത്. സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ജിഗ്‌നേഷ് നിലവിൽ ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എംഎൽഎ ആണ്.
Read also: അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി; സിഐടിയു