കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പോലീസിൽ മൊഴി നൽകി.
മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. ജിസ്മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങിവെച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ, ക്നാനായ സഭ നിയമപ്രകാരം ഭർത്താവിന്റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. ഇതുസംബന്ധിച്ചു സഭാ തലത്തിലും ചർച്ചകൾ തുടരുകയാണ്. ഏറ്റുമാനൂർ നീറിക്കാട് തോണ്ണൻ മാവുങ്കാൽ ജിമ്മിയുടെ ഭാര്യയെ ജിസ്മോൾ തോമസ് മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പുഴയിൽ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തിയ നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. രാവിലെ വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്മോൾ ഇത് പരാജയപ്പെട്ടതോടെ സ്കൂട്ടറിലാണ് ജിസ്മോൾ പള്ളിക്കുന്നിലെത്തി ആറ്റിൽ ചാടിയത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!







































