ന്യൂഡെൽഹി: ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) പാർട്ടി വിടാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രിയും ഹിന്ദുസ്‌ഥാൻ ആവാം മോർച്ച (എച്ച്എഎം) നേതാവുമായ ജിതൻ റാം മാഞ്ചി. സാമൂഹിക മാദ്ധ്യമമായ എക്‌സിലൂടെയാണ് ക്ഷണം.
ചംപയ്, നിങ്ങൾ ഒരു കടുവയായിരുന്നു, ഇപ്പോഴും അങ്ങനെയാണ്, നാളെയും അതങ്ങനെ തന്നെ തുടരും. എൻഡിഎ കുടുംബത്തിലേക്ക് സ്വാഗതം- മന്ത്രി പറഞ്ഞു. ജെഎംഎമ്മിൽ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായി എന്ന് വിശദീകരിക്കുന്ന ചംപയ് സോറന്റെ എക്‌സ് പോസ്‌റ്റ് വന്നതിന് പിറകെയാണ് മന്ത്രി അദ്ദേഹത്തെ ക്ഷണിച്ച് പോസ്‌റ്റിട്ടത്.
ജെഎംഎം പാർട്ടി വിടുന്നതായി ഇന്നലെയാണ് ചംപയ് സോറൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ചംപയ് സോറൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നു. ഇത് വ്യക്‌തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാർട്ടി അംഗത്തെയും ഇതിൽ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. തുടർന്ന് അഞ്ചുമാസത്തിന് ശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് സോറൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞു. ഇതിൽ ചംപയ് സോറൻ അസ്വസ്‌ഥനായിരുന്നു എന്നാണ് വിവരം. പാർട്ടിയിൽ ഉണ്ടായ അധികാര തകർക്കങ്ങളെ തുടർന്ന് ഹേമന്ത് സൊറനുമായി ചംപയ് സോറൻ അകൽച്ചയിലായിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി