ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്‌മീർ പോലീസ് ഉറപ്പ് നൽകി.
ജൂലൈ 16ന് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് നിരവധി ഭീകരാക്രമണങ്ങൾക്കാണ് ജമ്മു കശ്‌മീർ സാക്ഷ്യം വഹിച്ചത്. കുൽഗാം ജില്ലയിൽ ആറ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ജൂൺ 26ന് ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്‌ഥർ മൂന്ന് ഭീകരരെ വധിച്ചിരുന്നു.
ഭീകരരെ തിരഞ്ഞ് പോലീസും സൈന്യവും നടത്തിയ സംയുക്‌ത ഓപ്പറേഷനിടെയായിരുന്നു സംഭവം. പാകിസ്‌ഥാന്റെ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്‌മീർ ടൈഗേഴ്‌സ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചിരുന്നു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരർ ജമ്മുവിൽ മാത്രം തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്.
അതിനിടെ, ഇന്ന് പുലർച്ചെയും ഭീകരരും സൈനികരുമായി ഏറ്റുമുട്ടിയിരുന്നു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃതു വരിച്ചിരുന്നു. മേജറടക്കം നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഏറ്റുമുട്ടലിൽ ഒരു പാകിസ്‌ഥാൻ പൗരനെ സൈന്യം വധിച്ചിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ