പാലക്കാട്: ജില്ലയിലെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തി. 59 താൽക്കാലിക ജീവനക്കാരെയാണ് ഇവിടെ നിന്നും ആശുപത്രി മാനേജ്മെന്റ് ഒറ്റയടിക്ക് പിരിച്ചു വിട്ടത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിൽ ആയതാണ് ഇതിന് കാരണമെന്നും അധികൃതർ വ്യക്തമാക്കി.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചു വിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇവർക്ക് ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസത്തെ ശമ്പളം നൽകിയത് ട്രൈബൽ ഫണ്ട് വകമാറ്റിയാണ്. ഈ ഫണ്ട് തിരിച്ചടയ്ക്കാൻ ആശുപത്രിക്ക് നിർദ്ദേശം വന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടിയിലേക്ക് ആശുപത്രി മാനേജ്മെന്റ് നീങ്ങിയത്.
ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡ് ലഭിച്ച ആശുപത്രിയാണ് കോട്ടത്തറയിലേത്. ആദിവാസികൾ പ്രധാനമായും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരത്തെ വാർത്തയായതിന് പിന്നാലെ ശമ്പളം നൽകാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും, പിന്നീട് നടപടി ഉണ്ടായിട്ടില്ല. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയെ സർക്കാർ അവഗണിക്കുകയാണെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്.
Read also: ശ്വാസം മുട്ടി രാജ്യ തലസ്ഥാനം; സുപ്രീം കോടതി ഇന്ന് സാഹചര്യങ്ങൾ പരിശോധിക്കും







































