കോട്ടയം: മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്ന് ജോസ് കെ മാണി പറഞ്ഞു. അങ്ങനെ ഒരു ചർച്ചയില്ല. യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച് പാർട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും ജോസ് കെ മാണി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ഞങ്ങളുടെ വിജയം അല്ല എന്നതിന് തെളിവാണ് മറ്റു ഘടകക്ഷികളുടെ പുറകേ യുഡിഎഫ് പോകുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി സെക്രട്ടറിയേറ്റ് ചേരുന്നത്. പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ ലഭിച്ചിട്ടില്ല. ചർച്ചയിലൂടെ അർഹതപ്പെട്ട സീറ്റുകൾ ലഭിക്കാൻ നടപടിയെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങി വരവിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുമെന്ന് ആലോചിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!