70 ദിവസങ്ങൾ കൊണ്ട് 14,722 കിലോമീറ്റർ സഞ്ചരിച്ച് 22 സംസ്‌ഥാനങ്ങൾ പിന്നിട്ട് ഇന്ത്യയെ തൊട്ടറിഞ്ഞ സന്തോഷത്തിലാണ് തൃശൂർ സ്വദേശിനി ജോസഫൈൻ. ഒറ്റയ്‌ക്ക് കാറോടിച്ചാണ് ഇത്രയും ദൂരം താണ്ടിയതെന്നത് ജോസഫൈനെ ഏറെ സന്തോഷിപ്പിക്കുന്നു.
ഒക്‌ടോബർ രണ്ടിനാണ് ജോസഫൈൻ തൃശൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. ആ യാത്ര ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിംഗ് ലായിൽ വരെയെത്തി. 19,024 അടി ഉയരെയുള്ള ഉംലിംഗ് ലായിൽ നിന്ന് തിരിച്ചു നാട്ടിലെത്തിയപ്പോൾ യാത്ര 70 ദിവസം പിന്നിട്ടിരുന്നു. 19 സംസ്‌ഥാനവും മൂന്ന് കേന്ദ്രഭരണ പ്രദേശവും കണ്ട് മടങ്ങിയെത്തിയപ്പോൾ 14,277 കിലോമീറ്ററായി.
തൃശൂർ ചേറൂരിലെ ഇസ്കോൺ പാരാസൈഡ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ ജോസഫൈൻ ജോസ് സൈക്കോളജിയിൽ ഗവേഷണം പൂർത്തിയാക്കിയിരുന്നു. ഒരുവർഷം തൃശൂരിലെ കലാലയ അധ്യാപികയായിരുന്നു. അതിനുശേഷം 19 വർഷം ഷെയർ മാർക്കറ്റിങ് കമ്പനിയുടെ കസ്‌റ്റമർ സർവീസിന്റെ നാഷണൽ ഹെഡ് ആയി മുംബൈയിലായിരുന്നു.
മാതാവിന് അസുഖം ബാധിച്ചതോടെ ജോലി വിട്ട് നാട്ടിലെത്തി. പിന്നീടായിരുന്നു ദൂരയാത്രകളുടെ കാലം. ബൈക്കിലും കാറിലുമെല്ലാം ലഡാക്കിൽ മുൻപ് പോയ പരിചയമാണ് 46-കാരിയായ ജോസഫൈന് ഇത്തവണത്തെ യാത്രയ്‌ക്ക് പ്രേരണയായത്. പുതിയ കാറിന്റെ സർവീസെല്ലാം യാത്രയിടങ്ങളിൽ നടത്തി.
അമൃത്‌സറിലേക്കുള്ള യാത്രയിൽ ഒരുദിവസം 750 കിലോമീറ്റർ കാറോടിച്ചു. ഒഡിഷയിലെ ചിൽക്കയിലെത്തിയപ്പോൾ ബൈക്കിൽ സംഘം ചേർന്നെത്തിയവർ ആക്രമിക്കാൻ ശ്രമിച്ചു. കുരുമുളക് സ്‌പ്രേയും കുറുവടിയും ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്ന് ജോസഫൈൻ പറയുന്നു. രാവിലെ അഞ്ചിന് തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു ഡ്രൈവിങ്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം