വാഷിങ്ടൻ: യുഎസിൽ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ജൻമാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കാനുള്ള ട്രംപിന്റെ നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജി താൽക്കാലികമായി തടഞ്ഞു.
ട്രംപിന്റെ നീക്കത്തെ ‘നഗ്നമായ ഭരണഘടനാ ലംഘനം’ എന്ന് വിശഷിപ്പിച്ച ജഡ്ജി ജോൺ കോഗ്നോർ, 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. വാഷിങ്ടൻ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ നാല് സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ അനുവദിച്ചത്.
യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14ആം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ട്രംപിന്റെ ഉത്തരവെന്ന് വാദിച്ചാണ് ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ താൽക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് അമേരിക്കയിലെ ജൻമാവകാശ പൗരത്വം.
ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജൻമാവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസിൽ പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും തൽക്കാലത്തേക്ക് വരുന്നവരുടെയും മക്കൾ യുഎസിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും







































