കൊച്ചി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയും. കൊച്ചി സ്വദേശിയായ സിനിമാ നിർമാതാവ് സജിമോൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറയുക.
സംസ്‌ഥാന വനിത കമ്മീഷന് പിന്നാലെ കേസിൽ കക്ഷി ചേർന്ന വിമൻ ഇൻ സിനിമ കളക്റ്റീവും (ഡബ്ളുസിസി) റിപ്പോർട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരുടെ നടപടി ഏറെ സംശയാസ്‌പദമാണെന്നാണ് ഡബ്ളുസിസിയുടെ വാദം.
അതേസമയം, ഒരുതവണ പുറത്തുവിടേണ്ടതില്ലെന്ന് തീരുമാനിച്ച ശേഷം റിപ്പോർട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവിനുള്ള കാരണങ്ങൾ വ്യക്‌തമാക്കിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു. എല്ലാ ഭാഗങ്ങളുടെയും വാദം കേട്ട സാഹചര്യത്തിൽ ചൊവ്വാഴ്‌ച വിധി പറയാമെന്നാണ് ഹൈക്കോടതി ജസ്‌റ്റിസ് വി.ജി അരുൺ വ്യക്‌തമാക്കിയിരിക്കുന്നത്.
പേര് വിവരങ്ങളുള്ള ഭാഗം ഒഴിവാക്കിയാണ് പുറത്തുവിടുന്നതെങ്കിലും, റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്‌തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമർപ്പിച്ചത്. കമ്മീഷന് മുന്നിൽ വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്‌തികളുടെ ജീവന് പോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട് പുറത്തുവിടാനുള്ള തീരുമാനമെന്നും ഹരജിയിൽ പറയുന്നു.
ആവശ്യമായ കൂടിയാലോചനകൾ നടത്താതെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഇത് ബാധിക്കപ്പെടുന്ന വ്യക്‌തികൾക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാകും. ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും കഴിയാതെ ഇത് അവരുടെ പ്രതിച്ഛായയെ പോലും ബാധിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ആരോപണ വിധേയരായവർക്ക് തങ്ങളുടെ ഭാഗങ്ങൾ വിശദീകരിക്കാൻ പോലുമുള്ള വേദിയോ സാഹചര്യമോ ഇല്ല. തങ്ങളുടെ ഭാഗം കേൾക്കാൻ ഹേമ കമ്മിറ്റി തയ്യാറായില്ലെന്നും കമ്മിറ്റിക്ക് മുമ്പാകെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം കിട്ടിയില്ലെന്നും ഹരജിക്കാരൻ വാദിച്ചു.
വ്യക്‌തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇവിടെയുണ്ടാകുന്നതെന്നും വിശദമായ വാദം കേൾക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ റിപ്പോർട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി വാദം നടക്കുകയായിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി