കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ കേസിലെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്‌ഥനായ വടകര പോലീസ് ഇൻസ്‌പെക്‌ടർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്‌റ്റ് 12ന് മുൻപ് കേസ് ഡയറി ഹാജരാക്കണമെന്നാണ് നിർദ്ദേശം.
സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും എംഎസ്എഫ് നേതാവുമായ പികെ മുഹമ്മദ് ഖാസിം നൽകിയ ഹരജിയിലാണ് കോടതി നടപടി. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട് ഫയൽ ചെയ്യാൻ മേയ് 31ന് ഹൈക്കോടതി വടകര പോലീസിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ച് വടകര പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരാണ് സ്‌ക്രീൻ ഷോട്ട് നിർമിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്‌തമാക്കിയിരുന്നു.
പികെ മുഹമ്മദ് ഖാസിമിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും, എന്നാൽ സംഭവത്തിൽ ഖാസിമിന്റെ പങ്ക് തള്ളിക്കളയാനാകില്ലെന്നും വടകര റൂറൽ എസ്‌പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കി. ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്ന് ഖാസിമിന്റെ പേരിലുള്ള സ്‌ക്രീൻ ഷോട്ടാണ് പ്രചരിച്ചത്.
എന്നാൽ, കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇത്തരമൊരു പോസ്‌റ്റ് ആ ഫോണിൽ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തതായി കണ്ടെത്തിയില്ലായെന്നും റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലിംമായും ഇടതു സ്‌ഥാനാർഥി കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്‌ക്രീൻ ഷോട്ട്.
Most Read| കനത്ത മഴ; മൂന്ന് ജില്ലകളിൽ നാളെ അവധി- കോഴിക്കോട് ഭാഗിക അവധി







































