ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയെ സ്‌ഥലം മാറ്റാൻ ശുപാർശ ചെയ്‌ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ തിരികെ അയക്കാനാണ് കൊളീജിയം ശുപാർശ ചെയ്‌തത്.
മാർച്ച് 20,24 തീയതികളിലായി നടത്തിയ യോഗങ്ങൾക്ക് ശേഷമാണ് യശ്വന്ത് വർമയെ സ്‌ഥലം മാറ്റാൻ കൊളീജിയം തീരുമാനമെടുത്തത്. അതിനിടെ, ഡെൽഹി ഹൈക്കോടതി യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഡെൽഹി ഹൈക്കോടതി കുറിപ്പിലൂടെ അറിയിച്ചു.
ജസ്‌റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തം ഉണ്ടായതെയോടെയാണ് സംഭവങ്ങളുടെ തുടക്കം. മാർച്ച് 14നാണ് ജഡ്‌ജിയുടെ വീട്ടിൽ തീപിടിച്ചത്. തീ അണയ്‌ക്കുന്നതിനിടെ കണക്കിൽപ്പെടാത്ത പണം അഗ്‌നിരക്ഷാസേന കണ്ടെത്തുകയായിരുന്നു. ഈ സമയം ജസ്‌റ്റിസ് വർമയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല.
കത്തി നശിച്ച പണത്തിന്റെ വീഡിയോ ഡെൽഹി പോലീസ് കമ്മീഷണർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കൈമാറിയതോടെയാണ് സംഭവം വിവാദമായത്. ഇതോടെ മാർച്ച് 21ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്‌തു.
മധ്യപ്രദേശ് സ്വദേശിയായ ജസ്‌റ്റിസ് യശ്വന്ത് വർമ, 1992ലാണ് അഭിഭാഷകനായത്. തുടർന്ന് അലഹബാദ് ഹൈക്കോടതിയിൽ പ്രാക്‌ടീസ് നടത്തി. ഉത്തർപ്രദേശിന്റെ ചീഫ് സ്‌റ്റാൻഡിങ് കൗൺസിലായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 2013ൽ സീനിയർ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 2014 ഒക്‌ടോബറിൽ അലഹബാദ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായി.
2017 ഫെബ്രുവരിയിൽ അദ്ദേഹത്തെ സ്‌ഥിരം ജഡ്‌ജിയാക്കി. പിന്നീട് അദ്ദേഹത്തെ ഡെൽഹി ഹൈക്കോടതിയിലേക്ക് സ്‌ഥലം മാറ്റുകയായിരുന്നു. 2021 ഒക്‌ടോബർ 11നാണ് യശ്വന്ത് വർമ ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസായി ചുമതലയേറ്റത്.
Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം