ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വ്യാജ റിപ്പോർട് തയ്യാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ റിപ്പോർട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു.
ഇത്തരം നടപടികൾ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലിൽ വെച്ച് നടന്ന ജി20 ഉച്ചകോടിയിൽ നരേന്ദ്രമോദിയും ട്രൂഡോയും പരസ്പരം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ റിപ്പോർട് വിവാദത്തിൽ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ട്രൂഡോ രംഗത്തെത്തിയത്.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധം ഉൾപ്പടെ കനേഡിയൻ മണ്ണിൽ നടന്ന ആക്രമണങ്ങളിൽ നരേന്ദ്രമോദി അടക്കമുള്ളവർക്ക് ബന്ധമുണ്ടെന്ന വ്യാജ റിപ്പോർട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെയാണ് ട്രൂഡോ വിമർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കനേഡിയൻ മാദ്ധ്യമം റിപ്പോർട് ചെയ്തിരുന്നു. ഈ റിപ്പോർട് കനേഡിയൻ സർക്കാർ നിഷേധിക്കുകയും ചെയ്തിരുന്നു.
ഇവർക്ക് അക്രമണങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കാനഡ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉൾപ്പെടെയുള്ളവർക്ക് ബന്ധമുണ്ടെന്ന റിപ്പോർട് കനേഡിയൻ മാദ്ധ്യമമായ ഗ്ളോബ് ആൻഡ് മെയിൽ ആണ് റിപ്പോർട് ചെയ്തത്. ഇത് തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉടൻ രംഗത്തെത്തിയിരുന്നു. പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും








































