ജ്യോതി മൽഹോത്ര കേരളത്തിൽ എത്തി, പ്രമുഖരെ ബന്ധപ്പെട്ടെന്ന് സൂചന; വിവരങ്ങൾ തേടും

കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ ഉൽഘാടന യാത്രയിൽ ജ്യോതി ഉണ്ടായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രിയുടേതടക്കം പ്രതികരണം തേടിയിരുന്നെന്നുമാണ് വിവരം.

By Senior Reporter, Malabar News
Jyoti Malhotra
Jyoti Malhotra (Image Courtesy: NDTV)
Ajwa Travels

തിരുവനന്തപുരം: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തിയിരുന്നതായി റിപ്പോർട്. കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ ഉൽഘാടന യാത്രയിൽ ജ്യോതി ഉണ്ടായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രിയുടേതടക്കം പ്രതികരണം തേടിയിരുന്നെന്നുമാണ് വിവരം.

2023 സെപ്‌തംബർ 24ന് കാസർഗോട്ട് ഫ്‌ളാഗ് ഓഫ് ചെയ്‌ത, കേരളത്തിന്റെ രണ്ടാം വന്ദേഭാരതിലാണ് ജ്യോതി യാത്ര ചെയ്‌തത്‌. അതേവർഷം ഓഗസ്‌റ്റിലും ജ്യോതി കേരളം സന്ദർശിച്ചിരുന്നു. ഈ യാത്രകൾ സംബന്ധിച്ച് പോലീസ് പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. ജ്യോതിയെ ചോദ്യം ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കൂടുതൽ വിവരങ്ങൾ തേടിയാൽ വിശദമായ അന്വേഷണം നടത്തി വിവരങ്ങൾ പങ്കുവെയ്‌ക്കുമെന്ന് പോലീസ് അറിയിച്ചു.

രണ്ടുവർഷം മുമ്പാണ് ജ്യോതി ആദ്യമായി കേരളത്തെപ്പറ്റി വ്‌ളോഗ് ചെയ്‌തത്‌. ‘ട്രാവൽ വിത്ത് ജോ’ എന്ന തന്റെ യുട്യൂബ് ചാനൽ വഴി ഇവർ കേരള സന്ദർശനത്തിന്റെ വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. ഇവ പരിശോധിക്കുന്ന കേന്ദ്ര ഏജൻസികൾ, തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ സ്‌ഥലങ്ങൾ ജ്യോതി കൂടുതലായി സന്ദർശിച്ചെന്നോ പ്രമുഖ വ്യക്‌തികളെ ബന്ധപ്പെട്ടെന്നോ കണ്ടെത്തിയാലാണ് പോലീസിൽ നിന്ന് വിശദവിവരങ്ങൾ തേടുക.

സമാന്തരമായി ഇന്റലിജൻസ് ബ്യൂറോയും വിവരശേഖരണം നടത്തും. 2023 സെപ്‌തംബറിൽ നേത്രാവതി എക്‌സ്‌പ്രസിൽ മുംബൈയിൽ നിന്ന് കാസർഗോഡ് എത്തിയ ജ്യോതി വന്ദേഭാരത് എക്‌സ്‌പ്രസിൽ തിരുവനന്തപുരത്ത് വന്ന ശേഷം നേത്രാവതിയിൽ തന്നെ മടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഒരാഴ്‌ചത്തെ സന്ദർശനത്തിന് ഡെൽഹിയിൽ നിന്ന് ബെംഗളൂരു വഴി കണ്ണൂർ വിമാനത്താവളത്തിലെത്തിയ ജ്യോതി ജനുവരി 25ന് തിരുവനന്തപുരത്ത് നിന്ന് രാജധാനി എക്‌സ്‌പ്രസിലാണ് ഡെൽഹിയിലേക്ക് മടങ്ങിയത്.

ജ്യോതി നിലവിൽ ഹരിയാന പോലീസ് കസ്‌റ്റഡിയിലാണ്. ജ്യോതി നിരവധി തവണ പാക്കിസ്‌ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് മുൻപും ജ്യോതി പാക്കിസ്‌ഥാൻ സന്ദർശിച്ചതായാണ് ഹരിയാന പോലീസ് പറയുന്നത്. ഹരിയാന പോലീസിന് പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.

33-കാരിയായ ജ്യോതി മൽഹോത്രയുടെ ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഉള്ളത്. യൂട്യൂബ് ചാനലിലൂടെ പാക്കിസ്‌ഥാനെ കുറിച്ച് നല്ലത് പറഞ്ഞ് പോസിറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പാക്ക് ഏജൻസികൾ ജ്യോതിയെ ഏൽപ്പിച്ച ചുമതലയെന്നാണ് സൂചനകൾ.

Most Read| ഷഹബാസ് വധക്കേസ്; പ്രതിസ്‌ഥാനത്തുള്ള വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE