ന്യൂഡൽഹി: കോൺഗ്രസിനേയും നേതാക്കളേയും കടന്നാക്രമിച്ച് ബി ജെ പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ള നേതാക്കൾ കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് സിന്ധ്യ ആരോപിച്ചു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് കോൺഗ്രസിനെതിരെ തുറന്ന പോരിന് ഇറങ്ങാനുണ്ടായ രാഷ്ട്രീയ പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സിന്ധ്യയുടെ വിമർശനം. കഴിവുളള നേതാക്കൾ കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഇതാണ് കോൺഗ്രസിലെ വേദനാജനകമായ കാര്യമെന്നും സിന്ധ്യ പറഞ്ഞു.
“കഴിവുള്ള നേതാക്കൾ കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടുന്നത് വേദനാജനകമാണ്, എന്റെ മുൻ സഹപ്രവർത്തകന് അടുത്തിടെ സമാനമായ സാഹചര്യം നേരിടേണ്ടി വന്നു” – സിന്ധ്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. “പൈലറ്റ് എന്റെ സുഹൃത്താണ്. അദ്ദേഹം അനുഭവിച്ച വേദനയെക്കുറിച്ച് എല്ലാവർക്കും അറിയാം” – സിന്ധ്യ കൂട്ടിച്ചേർത്തു.
സച്ചിൻ പൈലറ്റും 18 എംഎൽഎ മാരും വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അശോക് ഗെഹ്‌ലോട്ട് സർക്കാർ നിലനിൽപ് ഭീഷണി നേരിടുകയായിരുന്നു. എന്നാൽ ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെട്ടതോടെ സച്ചിൻ പൈലറ്റ് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയിരിക്കുകയാണ്. രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെടുകയും സച്ചിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തത്.
സംസ്ഥാന ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയെ നീക്കം ചെയ്യണമെന്ന പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പകരം, ഡൽഹി പിസിസി മുൻ അദ്ധ്യക്ഷൻ അജയ് മാക്കനു ചുമതല നൽകി. സംസ്ഥാനത്ത് പാർട്ടി കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനും പ്രശ്നപരിഹാരങ്ങൾക്കുമായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവരടങ്ങുന്നതാണ് സമിതി. സച്ചിൻ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അവിനാശ് പാണ്ഡെയെ മാറ്റണമെന്നത്.