കോഴിക്കോട്: ബിജെപി സംസ്‌ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന കെ സുരേന്ദ്രന്റെ മറുപടിയെ ട്രോളി കെ മുരളീധരന്‍. ബിജെപിയുടെ സംസ്‌ഥാന കമ്മിറ്റി യോഗം ഉടൻ നടത്തിയിട്ട് എന്ത് മല മറിക്കാനാനാണ് എന്നായിരുന്നു മുരളീധരന്റെ പരിഹാസം.
“സംസ്‌ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് അത്ര വലിയ കാര്യമൊന്നുമില്ലല്ലോ, വോട്ട് വില്‍ക്കുന്ന ജോലിക്ക് ആണെങ്കിൽ ഇപ്പോള്‍ ഇലക്ഷനില്ലല്ലോ”- കെ മുരളീധരന്‍ പറഞ്ഞു. ആദ്യം ഹാജരായി സത്യസന്ധത തെളിയിക്കുകയാണ് വേണ്ടത്. അല്ലാതെ വീരവാദമടിക്കലല്ലെന്നും മുരളീധരന്‍ കൂട്ടിചേർത്തു. സ്വര്‍ണക്കടത്ത് കേസില്‍ സംസ്‌ഥാന സര്‍ക്കാരിനെ ബിജെപി ബ്ളാക്മെയില്‍ ചെയ്യുകയാണെന്നും അതിനാലാണ് കൊടകര കേസില്‍ സര്‍ക്കാര്‍ വീട്ടുവീഴ്‌ച ചെയ്യുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ളബില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാൽ ബിജെപി സംസ്‌ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ആണ് കെ സുരേന്ദ്രന്റെ മറുപടി.
Read also: ‘കെ സുധാകരനോട് മുഖ്യമന്ത്രി വ്യക്‌തിവൈരാഗ്യം തീർക്കുന്നു’; വിഡി സതീശൻ







































