കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് ചെറുകുന്ന് മണ്ഡലം പ്രസിഡണ്ട് പുത്തൻപുരയിൽ രാഹുലിനെതിരെ കേസ് എടുത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് മാർച്ച് ഉൽഘാടനം ചെയ്തു. എത്ര കേസ് എടുത്താലും പോസ്റ്റ് പിൻവലിക്കില്ലെന്നും ഇതിന് പിന്നിൽ സിപിഎം നേതൃത്വമാണെന്നും രാഹുൽ പറഞ്ഞു. മാടായിപ്പാറയിൽ അഞ്ചാം വാർഡ് അംഗമായ പി ജനാർദ്ദനന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ‘പണി തുടങ്ങിട്ടുണ്ട്ട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കല്ല് പിഴുതെറിഞ്ഞ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ, സർവേ കല്ലുകൾ പിഴുതെറിഞ്ഞാലും പദ്ധതി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. കെ-റെയിൽ അതിരടയാള കല്ല് പറിക്കാൻ വരുന്നവർ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്നലെ പറഞ്ഞത്.
Most Read: കേരളവും ആശങ്കയിൽ; ആശുപത്രി കേസുകളിലും, ഗുരുതര രോഗബാധിതരിലും വർധന







































