തിരുവനന്തപുരം: ആശാ വർക്കർമാർക്ക് അധിക വേതനം നൽകണമെന്ന് നിർദ്ദേശം നൽകി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾ സാമ്പത്തിക സ്‌ഥിതി പരിഗണിച്ച് തനത് ഫണ്ടിൽ നിന്നും പണം കണ്ടെത്താനാണ് നിർദ്ദേശം.
സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന ആശാ വർക്കർമാർക്ക് ഈ തീരുമാനം ഗുണകരമാകുമെന്ന് ജനറൽ സെക്രട്ടറി എം ലിജു അയച്ച സർക്കുലറിൽ പറയുന്നു. ആശമാരുടെ സമരത്തോട് സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങളിൽ ചിലത് നേരത്തെ തന്നെ ആശാവർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം നാളെ 50 ദിവസം പൂർത്തിയാകാനിരിക്കെയാണ് കെപിസിസി പ്രസിഡണ്ടിന്റെ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്.
അതേസമയം, നാളെ മുടി മുറിച്ച് പ്രതിഷേധിക്കാനാണ് സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ തീരുമാനം. അമ്പതിലധികം ആശാ വർക്കർമാരാണ് മുടി മുറിച്ച് പ്രതിഷേധിക്കുക. ജില്ലകളിൽ ശക്‌തമായ സമരപരിപാടികളും സംഘടിപ്പിക്കും. ആനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശാ വർക്കേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്‌ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!








































