തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നടപടി.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹരജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെ-ടെറ്റ് പരീക്ഷക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാർ അധ്യാപകർക്കൊപ്പമാണ്. ചില സംഘടനകൾ കാര്യം എന്തെന്ന് മനസിലാക്കും മുന്നേ എതിർപ്പ് ഉന്നയിച്ചു. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കുറേപ്പേർ രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെയെന്ന് അഭിപ്രായപ്പെട്ട മന്ത്രി, 40,000ത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണിതെന്നും കൂട്ടിച്ചേർത്തു.
ഇന്നലെയാണ് സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സർവീസിലുള്ള അധ്യാപകരും കെ-ടെറ്റ് പാസായിരിക്കണം എന്നായിരുന്നു ഉത്തരവ്. പിന്നാലെ കടുത്ത പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു.
Most Read| അച്ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും






































