കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നാണ് പരിശോധിക്കുക. ഏതാനും വർഷത്തെ വാട്സ് ആപ് ചാറ്റുകൾ, സാമൂഹിക മാധ്യമ ഇടപെടലുകൾ എന്നിവയുടെയും ബാക്ക് അപ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അന്വേഷണ സംഘം ഫോൺ ഫോൻസിക് പരിശോധനക്കയച്ചത്.
മാർട്ടിൻ ദുബായിൽ ജോലി ചെയ്തിരുന്നപ്പോഴാണ് സ്ഫോടനം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം. സ്ഫോടനത്തിന് പദ്ധതിയിട്ട ശേഷമാണ് ഇയാൾ നാട്ടിലെത്തിയത്. സ്ഫോടനം നടത്താൻ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നതായുള്ള വിവരം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം, പ്രതിയുടെ സ്വഭാവ സവിശേഷതകളാണ് കേസിനെ സങ്കീർണമാക്കുന്നത്.
എന്നാൽ, ഡൊമിനിക്കിന് മാനസിക, ശാരീരിക പ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്. പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ അവലോകനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വീണ്ടും കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് കൂടി ഏർപ്പെടുത്തിയുള്ള ചോദ്യം ചെയ്യൽ രീതിയാകും പരീക്ഷിക്കുക. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താനുള്ള അപേക്ഷ ഇന്നലെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചില്ല.
സാക്ഷികളെയടക്കം തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയ ശേഷമാകും കോടതിയെ സമീപിക്കുക. അതേസമയം, കളമശേരി സ്ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ഈ മാസം 29 വരെയാണ് റിമാൻഡ് കാലാവധി. ഡൊമനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കുറ്റം ചെയ്തതെന്നാണ് റിമാറിമാൻഡ് റിപ്പോർട്.
അതേസമയം, കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആസ്റ്റർ മേഡ്സിറ്റിയിൽ രണ്ടു പേരും എറണാകുളം മെഡിക്കൽ സെന്ററിൽ ഒരാളുമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. നിലവിൽ 16 പേരാണ് വിവിധ ആശുപത്രികളിലായി ഐസിയുവിൽ ചികിൽസയിൽ ഉള്ളത്.
Most Read| അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്








































