അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്

അതേസമയം, ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, കൂടുതൽ വിദേശികൾ ഇന്ന് ഗാസ മുനമ്പ് വിടും. റഫ അതിർത്തിയിലൂടെ ഗുരുതരമായി പരിക്കേറ്റ പലസ്‌തീൻകാരും 320 വിദേശ പൗരൻമാരും ഇന്നലെ ഈജിപ്‌ത്‌ കടന്നു.

By Trainee Reporter, Malabar News
Israel-Hamas attack
Ajwa Travels

ഗാസ: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുന്നു. ആക്രമണത്തിൽ 195 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ വ്യക്‌തമാക്കി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, കൂടുതൽ വിദേശികൾ ഇന്ന് ഗാസ മുനമ്പ് വിടും. റഫ അതിർത്തിയിലൂടെ ഗുരുതരമായി പരിക്കേറ്റ പലസ്‌തീൻകാരും 320 വിദേശ പൗരൻമാരും ഇന്നലെ ഈജിപ്‌ത്‌ കടന്നു.

ഓസ്ട്രേലിയ, ഓസ്ട്രിയ, ബൾഗേറിയ, ചെക്ക് റിപ്പബ്ളിക്, ഫിൻലൻഡ്‌, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ജോർദാൻ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരാണ് അതിർത്തി കടന്നത്. റഫ അതിർത്തി ഇന്ന് വീണ്ടും തുറക്കുമെന്നും കൂടുതൽ വിദേശികൾക്ക് പുറത്തുകടക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ജനസാന്ദ്രതയേറിയ ഗാസ സിറ്റിയിലെ അൽ ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ വലിയ സ്‌ഫോടന ശബ്‌ദം കേട്ടതായി റെഡ് ക്രസന്റ് അറിയിച്ചു.

ഉടൻ തന്നെ ആശുപത്രി ഒഴിയണമെന്ന് ഇസ്രയേലി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് യുഎൻ ഉദ്യോഗസ്‌ഥർ അറിയിച്ചു. പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് റെഡ് ക്രസന്റ് വ്യക്‌തമാക്കുന്നു. അതിനിടെ, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ആക്രമണത്തിൽ രണ്ടു ഹമാസ് സൈനിക നേതാക്കളെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസ് സിവിലിയൻമാരെ മനഃപൂർവം അപകടത്തിലാക്കുക ആണെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.

ആക്രമണത്തിൽ ഇതുവരെ 8500 പലസ്‌തീൻ പൗരൻമാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 40 ശതമാനത്തിലേറെ കുട്ടികളാണ്. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലേറെ പേരും കൊല്ലപ്പെട്ടു. അതിനിടെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫ അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ജനറേറ്റർ കഷ്‌ടിച്ചു പ്രവർത്തിക്കുന്നുണ്ടെങ്കിലും, ആശുപത്രിയിലെ ജീവൻരക്ഷാ സംവിധാനങ്ങൾ ഏറെക്കുറെ നിലച്ചു. ആശുപത്രിയിലെ വെന്റിലേറ്ററും എസി സംവിധാനവുമെല്ലാം നിലച്ചു.

രോഗികൾക്കുള്ള ഓക്‌സിജൻ ഉൽപ്പാദന സംവിധാനവും പ്രവർത്തനം നിർത്തി. മോർച്ചറിയിലെ ഫ്രീസറുകൾ പോലും പ്രവർത്തിക്കുന്നില്ല. പലസ്‌തീൻ സംഘനകൾ നൽകുന്ന ഇന്ധനം ഏതാനും മണിക്കൂറുകൾ മാത്രമാണ് നിലനിൽക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇന്ധനം ലഭിച്ചില്ലെങ്കിൽ വലിയ ദുരന്തം ഇവിടെ സംഭവിക്കും. രോഗങ്ങൾക്ക് പുറമെ കുടിയൊഴിക്കപ്പെട്ട 50,000ത്തിലധികം പലസ്‌തീനികൾ അൽഷിഫയിൽ അഭയം പ്രാപിച്ചിട്ടുണ്ട്. വടക്കൻ ഗാസയിലെ മറ്റുരണ്ടു പ്രധാന ആശുപത്രികൾ ഇന്ധനം തീർന്നതോടെ അടച്ചുപൂട്ടി.

അതിനിടെ, പലസ്‌തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് ചികിൽസ നൽകാനൊരുങ്ങി യുഎഇ. 1000 കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾക്കൊപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിൽസ നൽകാൻ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. യുഎഇയുടെ തീരുമാനം പലസ്‌തീൻ കുട്ടികൾക്ക് വലിയ ആശ്വാസമാകുമെന്ന് റെഡ് ക്രസന്റ് പ്രതികരിച്ചു.

Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത്‌ ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE