കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കോളേജിൽ കഞ്ചാവ് എത്തിച്ച ഇതര സംസ്‌ഥാനക്കാരായ എഹിന്ത മണ്ഡൽ, സൊഹൈൽ ഷേഖ് എന്നിവരാണ് അറസ്‌റ്റിലായത്. നാല് പാക്കറ്റ് കഞ്ചാവ് ഹോസ്‌റ്റലിൽ എത്തിച്ചത് ഇവരാണെന്ന് പോലീസ് പറയുന്നു.
കേസിൽ നേരത്തെ അറസ്‌റ്റിലായ പൂർവ വിദ്യാർഥികളായ രണ്ടുപേരുടെ മൊഴികളാണ് നിർണായകമാണ്. സൊഹൈൽ ഭായ് എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്‌റ്റ്. പശ്‌ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയാണ് ഇയാൾ. ക്യാമ്പസിൽ നിന്ന് ലഹരി പിടിച്ചു എന്നറിഞ്ഞ ഉടൻ ഇയാൾ താമസിച്ചിരുന്ന ആലുവയിൽ നിന്ന് മുങ്ങുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കളമശേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കളമശേരി പോലീസിനും ഡാൻസഫിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കോളേജ് ഹോസ്‌റ്റലിൽ റെയ്‌ഡ് നടന്നത്. മുറികളിൽ നടത്തിയ പരിശോധനയിൽ കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽ നിന്ന് മാത്രം 1.9 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
മറ്റൊരു മുറിയിൽ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും പിടികൂടി. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽ നിന്നാണ് ഒമ്പത് ഗ്രാം കഞ്ചാവ് പിടികൂടിയത്. കോളേജ് ഹോസ്‌റ്റലിൽ ഏഴുതവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്‌റ്റിലായ വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. യുപിഐ വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാർ കൈമാറിയത്.
ആറുമാസം മുമ്പാണ് ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങാൻ തുടങ്ങിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. കോളേജിലെ പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാലിഫ് എന്നിവർക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയത്. സെമസ്‌റ്റർ ഔട്ടായ ശേഷവും ഇവർ നിരന്തരം ഹോസ്‌റ്റലിൽ എത്തിയിരുന്നുവെന്നാണ് വിവരം. ഹോസ്‌റ്റലിലെ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷണമാണ് നടത്തുക.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ