കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് ഇതര സംസ്‌ഥാന തൊഴിലാളികളുടെ മൃതദേഹം ജൻമനാടായ പശ്‌ചിമ ബംഗാളിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഇൻഡിഗോയുടെ വിവിധ വിമാനങ്ങളിലാണ് മൃതദേഹം കൊണ്ടുപോയത്. പുലർച്ചെ 5.10ന് ആയിരുന്നു ഫൈജുലിന്റെ മൃതദേഹം കൊണ്ടുപോയത്. തുടർന്ന് 7.50ന് കുദൂസ്, നോർ ജൂസ് അലി, എന്നിവരുടെയും 9.30ന് നൂർ അമീറിന്റെ മൃതദേഹവും കൊണ്ടുപോയി.
നിലവിൽ അപകടം ഉണ്ടായതുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എഡിഎമ്മിന്റെ നേതൃത്വത്തിൽ അഗ്‌നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പോലീസിലേയും ഉദ്യോഗസ്‌ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അപകടം മനുഷ്യ നിർമിതമെന്ന് ആവർത്തിക്കുകയാണ് പോലീസും ഫയർഫോഴ്‌സും. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.
മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്‌ടറെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇക്കാരണത്താൽ നെസ്‌റ്റ് മാനേജ്‌മെന്റിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കും. അപകടത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരിൽ ഒരാൾ കൗമാരക്കാരനാണ്.
മരിച്ച നൂർ അമീൻ മൊണ്ടൽ എന്നയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച് നെസ്‌റ്റിനെതിരെ ബാലനീതി വകുപ്പ് പ്രകാരവും പോലീസ് കെസെടുക്കും. കമ്പനിയെയും കരാറുകാരെയും നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. വിശദമായ ഹിയറിംഗ് ശേഷം ഒരാഴ്‌ചക്കകം റിപ്പോർട് നൽകാനാണ് ജില്ലാ കളക്‌ടർ ഉത്തരവിട്ടിട്ടുള്ളത്. സംഭവത്തിൽ തൊഴിൽവകുപ്പും സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: പാതയോരങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; കൂടുതൽ സമയം തേടാൻ തീരുമാനം