കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് നാല് അഥിതി തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായതായി ഫയർഫോഴ്‌സ് റിപ്പോർട്. മണ്ണിട്ട് നികത്തിയ സ്‌ഥലത്ത് അശാസ്‌ത്രീയമായി കുഴിയെടുത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് വ്യക്‌തമായതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും അപകടത്തിൽ പെടാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്നും ഫയർഫോഴ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ മണ്ണിടിച്ചിൽ സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്‌ടറെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും തൊഴിലാളികൾ നേരത്തെ തന്നെ പറഞ്ഞിരുന്നു. നികത്തിയ സ്‌ഥലത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെ കുഴിയെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്.
ഈർപ്പമുള്ള മണ്ണ് ഇളകിയ നിലയിലായിരുന്നു. ഏഴ് മീറ്റർ ആഴമുള്ള കുഴിയിൽ ഒമ്പത് തൊഴിലാളികൾ അപകട സമയത്ത് ഉണ്ടായിരുന്നു. ഇവർ കുഴിയിൽ ഉള്ളപ്പോൾ തന്നെ ജെസിബി ഉപയോഗിച്ചപ്പോൾ മണ്ണ് ഇളകിയിരുന്നു. സുരക്ഷാവേലി കേട്ടാതെയായിരുന്നു മണ്ണെടുത്തിരുന്നത്. വിദഗ്‌ധന്റെ മേൽനോട്ടത്തിൽ മണ്ണെടുക്കണമെന്ന നിർദ്ദേശവും പാലിച്ചിരുന്നില്ല. എത്ര തൊഴിലാളികളാണ് ജോലി എടുക്കുന്നതെന്ന കൃത്യമായ കണക്കും കെട്ടിട ഉടമയുടെ കൈവശം ഉണ്ടായിരുന്നില്ല.
ചെങ്കുത്തായി കുഴിയെടുത്തതും അപകടത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഫയർഫോഴ്‌സ് ഇന്റലിജൻസ് തയ്യാറാക്കിയ റിപ്പോർട് ജില്ലാ കളക്‌ടർക്ക് കൈമാറി. എഡിഎമ്മിന്റെ നേതൃത്വത്തിൽ അഗ്‌നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പോലീസിലേയും ഉദ്യോഗസ്‌ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തിൽ തൊഴിൽവകുപ്പും സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അപകടത്തില്‍ മരിച്ച നാല് ഇതര സംസ്‌ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്നലെ സ്വദേശമായ പശ്‌ചിമ ബംഗാളിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ അടിയന്തിര ധനസഹായവും നൽകും.
Most Read: വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; റിപ്പോർട് തേടി മന്ത്രി