നീലഗിരി: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്രകൾ ഈ മാസം 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം അരുണ അറിയിച്ചു.
വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ 46 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും കളക്‌ടർ അറിയിച്ചു.
അതിനിടെ, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ (17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് കുറ്റാലം വെള്ളച്ചാട്ടത്തിൽ മഴവെള്ളപ്പാച്ചിൽ ഉണ്ടായത്. നടവഴിയിലൂടെയടക്കം വെള്ളം കവിഞ്ഞൊഴുകി. നിരവധി സഞ്ചാരികളുള്ള സമയത്തായിരുന്നു സംഭവം.
Most Read| സ്വാതിയെ അയച്ചത് ബിജെപി, ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം; അതിഷി മർലേന